വിദേശികളെ ഉപയോഗിച്ച് സ്വര്‍ണക്കടത്ത്: കൊച്ചി സ്വദേശിയെ തിരയുന്നു
Posted on: 02 Sep 2015
നെടുമ്പാശ്ശേരി: വിദേശികളെ ഉപയോഗപ്പെടുത്തി സ്വര്‍ണം കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. എറണാകുളം കലൂര്‍ സ്വദേശി നിബു മാത്യുവിനെയാണ് സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘം തിരയുന്നത്.
ജൂലായ് 13 ന് അയര്‍ലന്‍ഡ് സ്വദേശി എഡ്വിന് ആണ്‍ഡ്രു മിനിഹാന്‍ 10 കിലോ സ്വര്‍ണവുമായി കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായിരുന്നു. കൊച്ചിയില്‍ എത്തി ഹോട്ടലില്‍ തങ്ങുന്ന ഇയാളില്‍ നിന്ന് സ്വര്‍ണം ഏറ്റുവാങ്ങിയിരുന്നത് നിബു ആണെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. എഡ്വിന് ആണ്ഡ്രുവിനെ ചോദ്യം ചെയ്തപ്പോഴാണ് നിബുവിനെ കുറിച്ച് വിവരം ലഭിച്ചത്. ദുബായില്‍ ബിസിനസ് നടത്തുന്ന ഇടപ്പള്ളി സ്വദേശിയാണ് എഡ്വിന് ആണ്ഡ്രുവിന്റെ പക്കല്‍ കൊച്ചിയിലേക്ക് സ്വര്‍ണം കൊടുത്തുവിടുന്നത്. ഇടപ്പള്ളി സ്വദേശിയുടെ സുഹൃത്താണ് നിബു. ഇടപ്പള്ളി സ്വദേശിയുടെ നിര്‍ദേശ പ്രകാരമാണ് നിബു എഡ്വിന് ആണ്ഡ്രുവിന്റെ പക്കല്‍ നിന്ന് സ്വര്‍ണം ഏറ്റുവാങ്ങിയിരുന്നത്. എഡ്വിന് ആണ്‍ഡ്രു സ്വര്‍ണവുമായി വിമാനത്താവളത്തില്‍ പിടിയിലായ അന്ന് രാത്രി തന്നെ നിബു സ്വന്തം കാറില്‍ ബെംഗളൂരുവിലേക്ക് കടന്നിരുന്നു. നിബുവിന്റെ ഒളിത്താവളത്തെക്കുറിച്ച് വിവരം ലഭിച്ച അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തിയെങ്കിലും നിബുവിനെ പിടികൂടാനായില്ല. എന്നാല്‍ സ്വര്‍ണം കടത്താനായി ഉപയോഗിച്ചിരുന്ന കാര്‍ അന്വേഷണ സംഘം കണ്ടെടുത്തു. മൈസൂരിലേക്ക് കടന്ന നിബുവിനെ സുഹൃത്തിനോടൊപ്പം കര്‍ണാടക ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. രക്തചന്ദന കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. വിവരം അറിഞ്ഞ് പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ നിന്ന് മൈസൂരിലെത്തിയെങ്കിലും നിബു രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്ക് ബെംഗളൂരുവിലും മൈസൂരിലും ഒളിച്ചു താമസിക്കുന്നതിന് സൗകര്യം ഒരുക്കിക്കൊടുത്ത മലയാളിയായ യുവതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. യുവതി ഇപ്പോള്‍ ബെംഗളൂരുവിലാണ് താമസിക്കുന്നത്. നിബു മൈസൂരില്‍ നിന്ന് കേരളത്തിലേക്ക് വന്നിട്ടുള്ളതായാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള കേന്ദ്രങ്ങളിലെല്ലാം കസ്റ്റംസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് കസ്റ്റംസ് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ 0484-2666100, 9447509724 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
എഡ്വിന് ആണ്‍ഡ്രു പലവട്ടം കൊച്ചിയിലേക്ക് സ്വര്‍ണം കടത്തിക്കൊണ്ടുവന്നിട്ടുണ്ട്. ഓവര്‍കോട്ടിന്റെ ഉള്ളിലെ ജാക്കറ്റിനുള്ളില്‍ പ്രത്യേകം പോക്കറ്റുണ്ടാക്കി അതിലാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്തിയിരുന്നത്. റുമാനിയന്‍ സ്വദേശി അലീന കാര്‍മനും ഇയാളോടൊപ്പം സ്വര്‍ണം കടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇടപ്പള്ളി സ്വദേശിക്കു വേണ്ടിയാണ് ഇവര്‍ സ്വര്‍ണം കടത്തിയിരുന്നത്. സോഫ്റ്റ് വെയര്‍ ബിസിനസിന്റെ മറവിലായിരുന്നു സ്വര്‍ണക്കടത്ത്. ബിസിനസ് വിസയിലാണ് എഡ്വിനും മറ്റും സ്വര്‍ണവുമായി കൊച്ചിയിലെത്തിയിരുന്നത്.