ഓണക്കാലത്ത് സപ്ലൈകോയുടെ വില്പന 310 കോടി രൂപയിലധികം

Posted on: 02 Sep 2015കൊച്ചി: ഓണക്കാലത്ത് പൊതു വിപണിയില്‍ അരിയുള്‍പ്പെടെയുള്ള അവശ്യ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാനായതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷന്‍ കടകളിലൂടെയും സപ്ലൈകോ ഓണച്ചന്തകളിലൂടെയും ഫലപ്രദമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയത്. പാചകവാതക വിതരണ എജന്‍സികളിലും പൊതു വിപണിയിലും സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ റെയ്ഡിലൂടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കഴിഞ്ഞതും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സഹായകരമായി. സംസ്ഥാന വ്യാപകമായി 738 റേഷന്‍ കടകളിലും 67 റേഷന്‍ മൊത്തവിതരണ കേന്ദ്രങ്ങളിലും 35 മണ്ണെണ്ണ മൊത്തവിതരണ കേന്ദ്രങ്ങളിലും ഹോട്ടലുകളുള്‍പ്പെടെ 2600-ലധികം പൊതു വിപണന കേന്ദ്രങ്ങളിലും സിവില്‍ സപ്ലൈസ് വകുപ്പ് മിന്നല്‍ പരിശോധന നടത്തി.

അരി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ഇക്കാലയളവിലുണ്ടായതിനെക്കാള്‍ വിലക്കുറവുണ്ടായി. മട്ടയരിയുടെ പരമാവധി ചില്ലറ വില്പന വില കിലോഗ്രാമിന് ഈ ഓണക്കാലത്ത് 27 മുതല്‍ 30 രൂപയായി കുറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനത്തോളം വിലക്കുറവാണിത്. ജയ, മട്ട, കുറുവ ഉള്‍പ്പെടെ എല്ലാത്തരം അരിക്കും 15 ശതമാനം വില കുറഞ്ഞു. പഞ്ചസാരയ്ക്ക് മുന്‍ വര്‍ഷത്തെക്കാള്‍ 15 ശതമാനത്തോളവും വെളിച്ചെണ്ണ ചില്ലറ വില്പന വിലയില്‍ 30 ശതമാനത്തോളവും വിലക്കുറവുണ്ടായി. പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കയറ്റം ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൊച്ചി:
സപ്ലൈകോയില്‍ ഓണക്കാലത്ത് 310 കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവ്. കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ഇത് 268 കോടി രൂപയോളമായിരുന്നു. ഓണത്തോടനുബന്ധിച്ചുള്ള രണ്ടാഴ്ചത്തെ ധാന്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വില്പന 13,000 ടണ്ണോളമാണ്. 43,000 ടണ്‍ അരി വിപണിയിലെത്തിച്ചു. 22,000 ടണ്‍ പഞ്ചസാരയും 12.5 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയുമാണ് സപ്ലൈകോ മുഖേന ഈ ഓണക്കാലത്ത് ചെലവായത്. മുന്‍ വര്‍ഷത്തെക്കാള്‍ 30 ശതമാനത്തോളം അധികം അരിയും പയറുവര്‍ഗങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഈ ഓണ വിപണിയില്‍ സപ്ലൈകോ മുഖേന ചെലവായിട്ടുണ്ട്. 15.19 ലക്ഷം സൗജന്യ കിറ്റുകള്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. സപ്ലൈകോ വില്പനശാലകള്‍ ഉള്‍പ്പെടെ 1500-ലധികം ഓണച്ചന്തകളാണ് ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇത്തവണ ഉത്രാടം നാള്‍ വരെ പ്രവര്‍ത്തിച്ചത്.

More Citizen News - Ernakulam