'ലാവണ്യം' ഓണാഘോഷത്തിന് ഇന്ന് തിരശ്ശീല

Posted on: 01 Sep 2015കൊച്ചി: വ്യത്യസ്തമായ കലാസന്ധ്യകളുടെ വിസ്മയക്കാഴ്ചകള്‍ക്ക് അരങ്ങുപകര്‍ന്ന 'ലാവണ്യം 2015' ഓണാഘോഷ പരിപാടികള്‍ക്ക് ചൊവ്വാഴ്ച തിരശ്ശീല വീഴും. സംഗീതവും ഹാസ്യവും നൃത്തവും അത്ഭുതക്കാഴ്ചകളും ആസ്വാദകര്‍ക്ക് വിരുന്നൊരുക്കിയ ഓണാഘോഷ പരിപാടികള്‍ വന്‍ ജനപങ്കാളിത്തം കൊണ്ടാണ് ഇക്കുറി ശ്രദ്ധേയമാവുന്നത്. ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തെത്തുടര്‍ന്ന് രണ്ട് ദിവസത്തേയ്ക്ക് മാറ്റിവെയ്ക്കപ്പെട്ട കലാസന്ധ്യകള്‍ തിരുവോണദിനത്തോടെ സജീവമാവുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തും മികവ് തെളിയിച്ച താരങ്ങളുടെ സാന്നിധ്യംകൊണ്ട് 'ലാവണ്യം', നിറപ്പകിട്ടുള്ള മേളയായി.
കലാസന്ധ്യയില്‍ 'വിന്‍ഡ്‌സ് ആന്‍ഡ് വേവ്‌സ്' ബാന്‍ഡിന്റെ അവതരണം പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായി. ഹാസ്യതാരം മനോജ് ഗിന്നസും സംഘവും അവതരിപ്പിച്ച മെഗാഷോയും പ്രേക്ഷക സഹസ്രങ്ങളെ ഇളക്കിമറിച്ചു. രാത്രി എട്ടോടെ ആരംഭിച്ച സംഗീതസന്ധ്യയായിരുന്നു നാലാം ദിനത്തിന്റെ പ്രത്യേക ആകര്‍ഷണം. പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന സംഗീതവിരുന്ന് സംഗീതാസ്വാദകരില്‍ പാട്ടിന്റെ കുളിര്‍മഴയായി പെയ്തിറങ്ങി.
അനൂപ് കടമ്മനിട്ടയുടെ ആലാപനത്തിലുള്ള നാടന്‍ പാട്ടില്‍ ആരംഭിച്ച സംഗീതവിരുന്നില്‍ ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനും ഗായകനുമായ വിജേഷ്, സംഗീതസംവിധായകനും കൈതപ്രത്തിന്റെ മകനുമായ ദീപാങ്കുരന്‍, സലീഷ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.
സമാപന ദിവസമായ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് നന്ദനം സിഫണി ഓര്‍ക്കെസ്ട്ര അവതരിപ്പിക്കുന്ന മെഗാ മെജസ്റ്റിക് ഫ്യൂഷന്‍ ഗാനമേളയോടെ കലാസന്ധ്യയ്ക്ക് തുടക്കമാവും. തുടര്‍ന്ന് വള്ളുവനാടന്‍ കൃഷ്ണകലാനിലയം അവതരിപ്പിക്കുന്ന നാടന്‍ കലാമേള. രാത്രി 8 മുതല്‍ സാമ്പാസ് കൊച്ചിന്‍ അവതരിപ്പിക്കുന്ന മെഗാ ഇവന്റില്‍ സോണി ടി.വി.യില്‍ക്കൂടി ശ്രദ്ധേയനായ പ്രദീപ് ചെന്നൈ, മധുരൈ പ്രഭു (ഫയര്‍ ഡാന്‍സ്), അവ്വൈ സന്തോഷ് (ബൊമ്മ ഡാന്‍സ്), ചാനല്‍ താരങ്ങള്‍ തുടങ്ങിയവര്‍ അണിനിരക്കും. കലാപരിപാടികളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

More Citizen News - Ernakulam