ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ സ്തംഭിച്ചു

Posted on: 01 Sep 2015കടപ്പുറത്തേക്കുള്ള റോഡ്ഗതാഗതം തടഞ്ഞു


ചെല്ലാനം: സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെ കടന്നുപോകുന്ന റോഡിലെ ഗതാഗതം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ചെല്ലാനം ഫിഷിങ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച സ്തംഭിച്ചു.
ഹാര്‍ബറിലേക്ക് പോകുന്നതിന് ഒരു റോഡാണുള്ളത്. ഇത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലൂടെയാണ് കടന്നുപോകുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങിയെങ്കിലും ഭൂവുടമയ്ക്ക് പണം നല്‍കിയിട്ടില്ല. പണം നല്‍കാത്തതിനാല്‍ ഗതാഗതം അനുവദിക്കാനാവില്ലെന്നാണ് ഭൂവുടമയുടെ നിലപാട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയ പ്രശ്‌നമാണിത്. ആഗസ്ത് 15നകം ഭൂമിയുെട വില നല്‍കാമെന്നാണ് ഏറ്റവുമൊടുവില്‍ അധികൃതര്‍ ഉറപ്പ് നല്‍കിയത്. കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ ഉറപ്പുണ്ടായത്. നിശ്ചിതസമയം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷമാണ് സ്വകാര്യ വ്യക്തി ഗതാഗതം തടസ്സപ്പെടുത്തിയിട്ടുള്ളത്. ഹാര്‍ബര്‍ കേന്ദ്രീകരിച്ച് നൂറോളം വള്ളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീരദേശത്തെ പരമ്പരാഗത തൊഴിലാളികളുടെ പ്രധാന മീന്‍ വിപണന കേന്ദ്രമാണിത്. നിരവധി വാഹനങ്ങള്‍ ദിവസവും ഹാര്‍ബറിലെത്തുന്നു. സമുദ്രോത്പന്ന വ്യവസായ സമൂഹം മത്സ്യം വാങ്ങുന്നത് ഇവിടെ നിന്നാണ്.
വാഹനഗതാഗതം തടസ്സപ്പെടുമെന്ന് അറിഞ്ഞതിനാല്‍ തിങ്കളാഴ്ച തൊഴിലാളികള്‍ കടലില്‍ ഇറങ്ങിയില്ല. കച്ചവടം പൂര്‍ണമായും സ്തംഭിച്ചു. സമുദ്രോല്പന്ന വ്യവസായ മേഖലയേയും ഇത് ബാധിച്ചു.
ഹാര്‍ബറിന്റെ വികസനത്തിന് നാലേക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. നടപടികള്‍ തുടങ്ങിയതുമാണ്. റോഡ് ഉള്‍പ്പെടെയാണിത്. ആദ്യഘട്ട ജോലികള്‍ക്കുശേഷം ഹാര്‍ബറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കാത്തതാണ് പ്രശ്‌നം. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
ഭൂവുടമയ്ക്ക് പണം നല്‍കിയില്ലെങ്കില്‍ ഗതാഗതം പുനരാരംഭിക്കാനാവില്ല. വരുംദിവസങ്ങളിലും ഹാര്‍ബറിന്റെ പ്രവര്‍ത്തനം സ്തംഭിക്കുമെന്നാണ് സൂചന.

More Citizen News - Ernakulam