ചികിത്സയില്‍ ഇളവുകളുമായി പി.വി.എസില്‍ 'ഹൃദയസഞ്ജീവനി'

Posted on: 01 Sep 2015കൊച്ചി: ഹൃദ്രോഗ പരിശോധനയ്ക്കും ചികിത്സയ്ക്കും വന്‍ ഇളവുകള്‍ നല്‍കുന്ന 'ഹൃദയസഞ്ജീവനി' പദ്ധതിക്ക് ചൊവ്വാഴ്ച എറണാകുളം പി.വി.എസ്. ആശുപത്രിയില്‍ തുടക്കമാകും. കെ.ടി.സി. ഗ്രൂപ്പ് സ്ഥാപകന്‍ പി.വി. സാമിയുടെ 25-ാം ചരമ വാര്‍ഷിക ദിനത്തില്‍ പി.വി. സാമി മെമ്മോറിയല്‍ ട്രസ്റ്റാണിത് തുടങ്ങുന്നത്.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന നൂറുപേര്‍ക്ക് ഹൃദ്രോഗ പരിശോധനയിലും ചികിത്സയിലും 50 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന് പി.വി.എസ്. ഹോസ്​പിറ്റല്‍ ഡയറക്ടര്‍ പി.വി. അഭിഷേക് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എക്കോ കാര്‍ഡിയോഗ്രാം, ട്രെഡ് മില്‍ ടെസ്റ്റ് എന്നിവ 500 രൂപ വീതം നല്‍കി ചെയ്യാം. കൊറോണറി ആഞ്ജിയോഗ്രാമിന് 5000 രൂപ മതിയാകും. ആഞ്ജിയോപ്ലാസ്റ്റി അടക്കമുള്ള മറ്റ് പരിശോധനകള്‍ക്കും ചികിത്സയ്ക്കും ഇതേ രീതിയില്‍ ഇളവുണ്ടാകും.
ലോകോത്തര നിലവാരമുള്ള ഹൃദ്രോഗ ചികിത്സാ സംവിധാനങ്ങളാണ് ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്നതെന്ന് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. ബ്ലസ്സന്‍ വര്‍ഗീസ് പറഞ്ഞു. ഇവ പാവപ്പെട്ടവരടക്കം എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് 'ഹൃദയസഞ്ജീവനി' പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയില്‍ ചേരാന്‍ 0484-4182806, 9947288444 നമ്പറുകളില്‍ വിളിച്ച്് രജിസ്റ്റര്‍ ചെയ്യാം.

More Citizen News - Ernakulam