ചിറ്റമനപ്പള്ളം കോളനിയിലെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കര്‍ശന നടപടി -റൂറല്‍ എസ്.പി.

Posted on: 01 Sep 2015കരുമാല്ലൂര്‍: കരുമാല്ലൂര്‍ പഞ്ചായത്തിലെ ചിറ്റമനപ്പള്ളം കോളനിയില്‍ വര്‍ദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് റൂറല്‍ എസ്.പി. യതീഷ്ചന്ദ്ര പറഞ്ഞു. പോലീസിന്റെ ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി കോളനി സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളനിക്കടവ് കേന്ദ്രീകരിച്ച് പുറത്തുനിന്നുള്ളവരെത്തി മദ്യപാനമുള്‍പ്പടെയുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കോളനിവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് എസ്.പി. അവര്‍ക്ക് ഉറപ്പ് നല്‍കിയത്. മഫ്തിയില്‍ പോലീസിന്റെ നിരീക്ഷണം ഏര്‍പ്പെടുത്താനാണ് ആലങ്ങാട് പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുറപ്പിള്ളിക്കാവ് ബണ്ടിന് സമീപം കുളിക്കാനെത്തുന്നവര്‍ അപകടത്തില്‍പ്പെടുന്നത് തടയാനും പോലീസ് നടപടി സ്വീകരിക്കും. അതിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ അടുത്ത ദിവസംതന്നെ പ്രദേശവാസികളെ ഉള്‍പ്പെടുത്തി ജനപ്രതിനിധികളുടേയും പോലീസ് ഉദ്യോഗസ്ഥരുടേയും യോഗം ചേരും. പുറപ്പിള്ളിക്കാവ് വഴിയുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിയതിനെക്കുറിച്ച് അടുത്ത ഗതാഗത സംവിധാന യോഗത്തില്‍ അവതരിപ്പിച്ച് നടപടിയുണ്ടാക്കും. കോളനിക്ക് സമീപം നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത് പിടികൂടുന്നതിന് നാട്ടുകാരുടെ കൂടി സഹകരണം പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആലങ്ങാട് പോലീസ് സ്റ്റേഷനില്‍ പോലീസുകാരുടെ എണ്ണം കുറവുണ്ടെങ്കിലും ഉള്ളവരെ വളരെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തി പ്രദേശത്ത് രാത്രികാല പട്രോളിങ്ങ് മുടക്കംകൂടാതെ നടത്തുമെന്നും എസ്.പി. ഉറപ്പ് നല്‍കി.
ജനമൈത്രി പോലീസ് സംവിധാനത്തിന്റെ ഭാഗമായി ഉള്‍പ്രദേശങ്ങളിലുള്ള ജനങ്ങളുമായി പോലീസ് ഓഫീസര്‍മാര്‍ നേരിട്ടെത്തി സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു തിങ്കളാഴ്ച വൈകീട്ട് എസ്.പി. കോളനിയിലെത്തിയത്. കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റും മറ്റു അംഗങ്ങളും ചേര്‍ന്ന് കോളനിയേയും കോളനിവാസികളേയും പരിചയപ്പെടുത്തി. തുടര്‍ന്ന് ചിറ്റമനപ്പള്ളം കമ്മ്യൂണിറ്റി ഹാളില്‍ ഒരുക്കിയ യോഗത്തില്‍ എസ്.പി. നേരിട്ട് ജനങ്ങളില്‍ നിന്ന് പരാതി സ്വീകരിച്ചു.

More Citizen News - Ernakulam