കാക്കിയോടും കൊച്ചിയോടും വിട; കമ്മീഷണര്‍ ഇനി വിശ്രമ ജീവിതത്തിലേക്ക്
Posted on: 01 Sep 2015
കൊച്ചി: രണ്ടര വര്‍ഷക്കാലം കൊച്ചിയിലെ ക്രമസമാധാനപാലനത്തിന് ചുക്കാന്‍ പിടിച്ചതിന്റെ ചാരിതാര്‍ത്ഥ്യവുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജെയിംസിന് പോലീസ് സേനയില്‍ നിന്ന് പടിയിറക്കം. രണ്ട് വര്‍ഷവും എട്ട് മാസവും കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ച ശേഷമാണ് ജെയിംസ് തിങ്കളാഴ്ച സര്‍വീസില്‍ നിന്ന് വിരമിച്ചത്.
കൊച്ചിയുടെ സുരക്ഷാ ചുമതലയെന്ന വലിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റിയെന്ന വിശ്വാസവുമായാണ് സര്‍വീസില്‍ നിന്ന് പടിയിറങ്ങുന്നതെന്ന് കെ.ജി. ജെയിംസ് 'മാതൃഭൂമി'യോട് പറഞ്ഞു. ''കൊച്ചിയിലെ ഗുണ്ട - മാഫിയകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഈ കാലയളവില്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. നിരന്തരമായി നടത്തിയ റെയ്ഡുകളിലൂടെ നഗരത്തിലെ മയക്കുമരുന്ന് വില്‍പ്പന സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കാനും കൊച്ചി സിറ്റി പോലീസിന് സാധിച്ചു. മാവോവാദികളുടെ ആക്രമണങ്ങളുണ്ടായതിനെ തുടര്‍ന്ന് പോലീസ് സ്വീകരിച്ച കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് പിന്നീട് ഇത്തരം സംഭവങ്ങള്‍ക്ക് ഇടവരുത്താതിരുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും ഹൈടെക് തട്ടിപ്പുകളുടെയും കേന്ദ്രമായി കൊച്ചി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കണം' - ജെയിംസ് പറഞ്ഞു. മാവേലിക്കരയിലെ വീട്ടില്‍ ഇനി കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാനാണ് ജെയിംസിന്റെ ആഗ്രഹം.
ട്രെയിനിങ് ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും മനസ്സിലുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജെയിംസ് 1982ലാണ് പോലീസ് സേനയില്‍ എത്തുന്നത്. വടകര സി.ഐ. ആയിട്ടായിരുന്നു തുടക്കം. പിന്നീട് ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ പോലീസ് മേധാവിയായും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്റലിജന്‍സ് എസ്.പി.യായും സേവനമനുഷ്ഠിച്ചു. 2004ല്‍ ഐ.പി.എസ്. ലഭിച്ചു. മികച്ച സേവനത്തിനുള്ള രാഷ്്ട്രപതിയുടെ മെഡല്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ആലപ്പുഴ എസ്.പി. ആയിരിക്കെയാണ് 2013 ജനവരിയില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിതനായത്. തൊടുപുഴ മൂലമറ്റം സ്വദേശിയാണ്. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍ അധ്യാപികയായ ജിജിയാണ് ഭാര്യ. എം.എസ്സി. ബയോടെക്നോളജി വിദ്യാര്‍ത്ഥിയായ ജെയ്ക്ക്, പ്ലസ്ടു വിദ്യാര്‍ത്ഥിയായ ജോയല്‍ എന്നിവര്‍ മക്കളാണ്.