കൊച്ചി: മെട്രോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നിന്ന് ഏറ്റെടുത്തിട്ടുള്ള സ്ഥലത്തിന്റെ വില ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.യു. മാര്‍ച്ച് നടത്തി.
കോളേജ് ഗ്രൗണ്ടിലെ മെട്രോ സ്റ്റേഷന് നിര്‍മാണ സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുകയും കുറച്ചുനേരത്തേക്ക് നിര്‍മാണം തടസ്സപ്പെടുകയും ചെയ്തു. സെന്റിന് 52 ലക്ഷം രൂപ വില വരുന്ന 16 സെന്റ് സ്ഥലമാണ് മെട്രോ നിര്‍മാണത്തിനായി കോളേജ് ഗ്രൗണ്ടില്‍ നിന്ന് ഏറ്റെടുത്തിട്ടുള്ളത്. ആവശ്യം അടിയന്തരമായി പരിഗണിക്കാമെന്ന് ഡിഎംആര്‍സിയുടെ രേഖാമൂലമുള്ള ഉറപ്പും മെട്രോ പണി നടന്നുവരുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ 3-ാം തീയതി എറണാകുളത്ത് എത്തുന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന റിവ്യൂ മീറ്റിങ്ങില്‍ ഈ വിഷയം മുഖ്യ അജണ്ടയായി പരിഗണിക്കാമെന്ന് ഹൈബി ഈഡന് എം.എല്‍.എ.യും ജില്ലാ കളക്ടറും ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധ മാര്‍ച്ച് അവസാനിപ്പിച്ചു. മാര്‍ച്ച് കെ.എസ്.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി സബീര്‍ മുട്ടം ഉദ്ഘാടനം ചെയ്തു.