നെല്ലിക്കുഴിയില്‍ വ്യാപാര സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും കവര്‍ച്ച
Posted on: 01 Sep 2015
കോതമംഗലം: നെല്ലിക്കുഴിയില്‍ പരക്കെ മോഷണം.ഒരു രാത്രി കൊണ്ട് നിരവധി വ്യാപാര സ്ഥാപനങ്ങളും വിദ്യാലയങ്ങളും കുത്തി തുറന്നാണ് കവര്‍ച്ച നടന്നത്. നാട്ടുകാര്‍ ഭീതിയില്‍. പോലീസിന്റെ അനാസ്ഥയാണ് മോഷണം വര്‍ദ്ധിക്കാന്‍ കാരണം.
നെല്ലിക്കുഴി അച്ചന്പടിയിലെ അസീസ്, കെ.ഒ.പോള്‍, നാസര്‍ എന്നിവരുടെ കടകളിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. അസീസിന്റെ പലചരക്ക് കടയില്‍ നിന്ന് ഏഴായിരം രൂപയും മൊബൈല്‍ റീചാര്‍ജ് കൂപ്പണുകളും കവര്‍ന്നു. കെ.ഒ.പോളിന്റെ സ്റ്റേഷനറി കടയില്‍ നിന്ന് പണം നഷ്ടപ്പെട്ടു.നാസറിന്റെ ചായക്കടയില്‍ നിന്ന് മൂവായിരത്തോളം രൂപയും മോഷ്ടിച്ചു. നെല്ലിക്കുഴി റോയല്‍ ബധിര വിദ്യാലയത്തില്‍ മോഷണ ശ്രമം നടന്നു.കമ്പ്യൂട്ടര്‍ റൂം കുത്തി തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.വാതിലുകള്‍ തകര്‍ത്തിട്ടുണ്ട്.
സമീപകാലത്ത് നെല്ലിക്കുഴിയിലെ മറ്റൊരു സ്കൂളിലും മോഷണം നടന്നിരുന്നു.നെല്ലിക്കുഴിയിലും ചുറ്റുവട്ടത്തും അടുത്ത കാലത്തായി മോഷ്ടാക്കളുടേയും സാമൂഹ്യവിരുദ്ധരുടേയും ശല്യം വര്‍ദ്ധിച്ചതായി നാട്ടുകാര്‍ പരാതിപ്പെട്ടു. പല വീടുകളിലും കടകളിലും മോഷ്ടാക്കളെത്തി മോഷണ ശ്രമം നടന്നിട്ടുണ്ട്.ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയോടെയാണ് കഴിയുന്നത്. മദ്യപാനികളുള്പ്പെട്ട സാമൂഹ്യവിരുദ്ധര്‍ക്കെതിരെ പരാതി നല്‍കിയിട്ടും പോലിസ് ഈ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.പോലീസ് രാത്രികാലങ്ങളില്‍ പട്രോളിങ് ശക്തിപ്പെടുത്തുകയും സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം.നിരന്തരം മോഷണം നടത്തുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.