പാറമടയ്ക്കായി പഞ്ചായത്ത് റോഡ് തകര്‍ത്തെന്ന് പരാതി

Posted on: 01 Sep 2015കൊച്ചി: പാറമടയ്ക്ക് തടസ്സമായി നിന്ന പഞ്ചായത്ത് റോഡ് അധികൃതരുടെ ഒത്താശയോടെ തകര്‍ത്തതായി ആരോപണം. രാമമംഗലം മഞ്ഞപ്പള്ളിക്കാട്-പറമ്പക്കാട് റോഡിന്റെ ഒരുഭാഗം സമീപത്തെ പാറമട ഉടമ തകര്‍ത്തതായാണ് ആക്ഷേപം.
പൊതുവഴിയുടെ സമീപം പാറമട നടത്താന്‍ അനുമതി നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ടെന്നും രാമമംഗലം പഞ്ചായത്ത് അഴിമതി വിരുദ്ധ പൗരസമിതി ആരോപിച്ചു.
തകര്‍ത്ത റോഡിന് പകരം റോഡ് നിര്‍മിച്ച് തരണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍ കെ. ജോണ്‍ പാറമട ഉടമയ്ക്ക് കത്തയച്ചിരുന്നു. ഇതില്‍ നിന്നും പഞ്ചായത്തിന്റെ അറിവോടെയാണ് റോഡ് തകര്‍ത്തതെന്ന് വ്യക്തമാകുന്നതായും പൗരസമിതി ഭാരവാഹി സന്തോഷ് കെ.ജി. ആരോപിച്ചു. പരിസരപ്രദേശത്ത് വന്‍ പാരിസ്ഥിതികാഘാതമാണ് പാറമട സൃഷ്ടിക്കുന്നതെന്നും സന്തോഷ് കുറ്റപ്പെടുത്തി. അഡ്വ. ദിലീഷ് ജോണും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പാറമട ഉടമ തന്റെ ആവശ്യത്തിന് നിര്‍മിച്ച റോഡാണിതെന്നും പഞ്ചായത്ത് റോഡല്ലെന്നും പ്രസിഡന്റ് വില്‍സണ്‍ കെ. ജോണ്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഇതുവരെ ഒരു പരാതിയും പഞ്ചായത്തിന് ലഭിച്ചിട്ടില്ല. പൊതുജനങ്ങള്‍ ഈ വഴി ഉപയോഗിച്ചിരുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് കമ്മറ്റി തീരുമാനപ്രകാരമാണ് റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയതെന്നും പ്രസിഡന്റ് വിശദീകരിച്ചു.

More Citizen News - Ernakulam