പാര്‍ക്കിനടുത്ത് കുഴിയില്‍ വീണ് കുഞ്ഞ് മരിച്ചു: നഷ്ടപരിഹാരത്തിന് ഹര്‍ജി

Posted on: 01 Sep 2015കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ നാവികസേനയുടെ പാര്‍പ്പിട കോംപ്ലക്‌സിലെ പാര്‍ക്കിനടുത്തുള്ള കുഴിയില്‍ വീണ് കുഞ്ഞ് മരിച്ച സംഭവത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം തേടി ഹൈക്കോടതിയില്‍ ഹര്‍ജി. പാര്‍ക്കില്‍ അച്ഛനോടൊപ്പം പോയ കുഞ്ഞാണ് മരിച്ചത്. കളിക്കാനുള്ള സ്ഥലത്തുനിന്ന് 10 മീറ്റര്‍ വിട്ടുമാറി മെയിന്റനന്‍സിന്റെ ഭാഗമായി കുഴിച്ച താത്കാലിക കുഴിയിലാണ് കുഞ്ഞ് വീണത്.
നാവികസേനയിലെ ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട ഏജന്‍സിയുടെയും അശ്രദ്ധയാണ് കുഞ്ഞ് അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
2015 ഫിബ്രവരി 22-നാണ് രണ്ടര വയസ്സുള്ള സായി ആകാശ് മരിച്ചത്. വൈകീട്ട് 5-നാണ് കുഞ്ഞിനെ പിതാവ് പാര്‍ക്കില്‍ കൊണ്ടുവന്നത്. 5.30-ഓടെ കുഴിയില്‍ വീണ് ബോധമില്ലാതെ കിടക്കുന്നത് കണ്ടെത്തി. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരിച്ചു. മാതാപിതാക്കളായ എസ്. നാരായണമ്മ, എസ്.ടി. റെഡ്ഡി എന്നിവരാണ് ഹര്‍ജിക്കാര്‍.
ആന്ധ്ര സ്വദേശിയായ റെഡ്ഡി നാവികസേനയില്‍ സെയിലറാണ്. കേസ് ചൊവ്വാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.

More Citizen News - Ernakulam