ചിട്ടി തട്ടിപ്പ് നടത്തി പാപ്പരായ ഉടമയുടെ മകന് സ്വത്ത് നല്‍കാന്‍ വിധി

Posted on: 01 Sep 201560 വര്‍ഷങ്ങള്‍ക്കു ശേഷം കോടതി വിധി


കൊച്ചി:
ചിട്ടി നടത്തി നിക്ഷേപകരെ വഞ്ചിച്ച കേസില്‍ 60 വര്‍ഷങ്ങള്‍ക്കു ശേഷം കോടതിവിധിയെത്തി. ചിട്ടി തട്ടിപ്പില്‍ നിന്ന് സ്വത്ത് തര്‍ക്കമായി മാറിയ കേസില്‍ ചിട്ടിയുടമയുടെ മകന് അനുകൂലമായാണ് ഇപ്പോള്‍ കോടതിവിധി വന്നിരിക്കുന്നത്. പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിട്ടിയുടമയുടെ സ്വത്തുക്കള്‍ വീണ്ടെടുത്ത് മകന് നല്‍കാനാണ് ഉത്തരവ്.
1950-കളില്‍ എറണാകുളത്ത് 'മോഡേണ്‍ റിലീസ് ബാങ്ക്' എന്ന പേരില്‍ ചിട്ടി നടത്തിയ നെട്ടൂര്‍ സ്വദേശി ഫ്രാന്‍സിസിന്റെ സ്വത്തുക്കളാണ് മകന്‍ ജോസഫിന് കൈമാറാന്‍ കോടതി ഉത്തരവായത്.
1955-ലാണ് ഫ്രാന്‍സിസിന്റെ മോഡേണ്‍ റിലീസ് ബാങ്ക് 752 പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയത്. ബാങ്ക് പൊളിഞ്ഞെന്നും തന്നെ പാപ്പരായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഫ്രാന്‍സിസ് കോടതിയെ സമീപിച്ചിരുന്നു. ഇതിനു മുമ്പായി ഫ്രാന്‍സിസ് തന്റെ സ്വത്തുക്കളെല്ലാം കുമ്പളങ്ങി സ്വദേശി ദേവയാനി എന്ന സ്ത്രീയുടെ പേരിലേക്ക് മാറ്റിയിരുന്നു. ഫ്രാന്‍സിസിനെ പാപ്പരായി പ്രഖ്യാപിച്ചതോടെ പണം നഷ്ടപ്പെട്ട പലരും പതിയെ കേസുകളില്‍ നിന്ന് പിന്‍മാറിത്തുടങ്ങിയിരുന്നു.
ഫ്രാന്‍സിസും ദേവയാനിയും മരിച്ചതോടെയാണ് ഇത് അവരുടെ മക്കള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കമായി മാറിയത്. വര്‍ഷങ്ങള്‍ നീണ്ട സ്വത്തുതര്‍ക്ക കേസിനാണ് ഇപ്പോള്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്. പാപ്പരായി പ്രഖ്യാപിക്കുന്നതിനു മുമ്പ് 11 ഇടങ്ങളില്‍ ഫ്രാന്‍സിസിന് സ്ഥലങ്ങളുണ്ടായിരുന്നു. ഇതെല്ലാം ദേവയാനിയുടെ പേരിലേക്ക് മാറ്റിയിരുന്നു.
ചിട്ടി തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ഇതിനകം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അന്നത്തെ നിക്ഷേപകരില്‍ പലരും മരിച്ചുപോയതിനാല്‍ ആരും കോടതിയെ സമീപിച്ചില്ല. 100-ഉം 200-ഉം രൂപയാണ് അന്ന് പലരും നിക്ഷേപിച്ചിരുന്നത്. 752 പേരില്‍ നിന്നായി നാല് ലക്ഷം രൂപ ഫ്രാന്‍സിസ് നിക്ഷേപമായി നേടിയിരുന്നു. നിക്ഷേപകര്‍ ആരും സമീപിക്കാത്തതിനെത്തുടര്‍ന്നാണ് സ്വത്തുക്കളെല്ലാം ഫ്രാന്‍സിസിന്റെ മകന്‍ ജോസഫിന് നല്‍കാന്‍ വിധിയായത്.

More Citizen News - Ernakulam