പൊതു പണിമുടക്ക്: ബി.പി.സി.എല്‍.പ്രവര്‍ത്തനം മുടങ്ങരുതെന്ന് കോടതി

Posted on: 01 Sep 2015കൊച്ചി: ദേശീയ പൊതു പണിമുടക്ക് പ്രഖ്യാപിച്ച സപ്തംബര്‍ 2-ന് ഇരുമ്പനം ഭാരത് പെട്രോളിയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജീവനക്കാരുടെ പണിമുടക്ക് മൂലം സ്ഥാപനത്തിന്റെ പ്രവര്‍ത്തനം മുടങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് ഭാരത് പെട്രോളിയം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് വി. ചിതംബരേഷിന്റെ നിര്‍ദേശം. പെട്രോളിയം എംപ്ലോയീസ് അസോസിയേഷന്‍, കാക്കനാട്ടെ റീജണല്‍ ലേബര്‍ കമ്മീഷണര്‍ (സെന്‍ട്രല്‍) എന്നിവരാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍.
പണിമുടക്ക് ഇരുമ്പനത്തെ പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും വിധമാവരുതെന്നാണ് കോടതിയുടെ ഉത്തരവില്‍ പറയുന്നത്. പാചകവാതകം ഉള്‍പ്പെടെ പെട്രോളിയം ഉത്പന്നങ്ങളുടെ നീക്കം തടസ്സപ്പെടുകയുമരുത്. ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അതിന് അവസരം ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.
ബി.പി.സി.എല്‍. ജീവനക്കാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. കമ്പനിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ളതല്ല പണിമുടക്ക്. കമ്പനിയും ജീവനക്കാരുമായി തൊഴില്‍ത്തര്‍ക്കമൊന്നുമില്ല. ആവശ്യമെങ്കില്‍ അവശ്യസേവന നിയമം ബാധകമാക്കണമെന്നുമാണ് കമ്പനി ബോധിപ്പിച്ചത്.

More Citizen News - Ernakulam