എല്‍.എല്‍.ബി. പരീക്ഷാ നടത്തിപ്പിലെ തട്ടിക്കൂട്ടിനെതിരെ ഗവര്‍ണര്‍ക്ക് പരാതി

Posted on: 01 Sep 2015കൊച്ചി: പഞ്ചവത്സര-ത്രിവത്സര എല്‍.എല്‍.ബി. കോഴ്‌സുകളിലെ പരീക്ഷകള്‍ എം.ജി. യൂണിവേഴ്‌സിറ്റി ക്രമമില്ലാതെ നടത്തുന്നതിനെതിരെ എറണാകുളം ഗവ. ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് പരാതി അയച്ചു.
ത്രിവത്സര എല്‍.എല്‍.ബി. കോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷ ക്ലാസ് തുടങ്ങി മൂന്നാം മാസം നടത്താന്‍ നിശ്ചയിച്ചത് നേരത്തേ വിവാദമായിരുന്നു. ഒരു സെമസ്റ്ററില്‍ നിശ്ചിത അധ്യയന ദിനങ്ങള്‍ ഉണ്ടായിരിക്കണമെന്ന മാനദണ്ഡം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ഇന്റേണല്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കാനും പഠിപ്പിച്ച് തീര്‍ക്കാനും മതിയായ സമയം ലഭിച്ചില്ലെന്നാണ് പരാതി. എന്നാല്‍ പഞ്ചവത്സര കോഴ്‌സിലെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷയും ഏഴാം സെമസ്റ്റര്‍ പരീക്ഷയും മാസങ്ങളായി വൈകുന്നതും സര്‍വകലാശാലാ അധികൃതരുടെ അനാസ്ഥ മൂലമാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ നടക്കേണ്ട പരീക്ഷകളാണ് അടുത്ത സെമസ്റ്റര്‍ പകുതിയായിട്ടും നടക്കാത്തത്. പരീക്ഷകള്‍ തോന്നിയ പോലെ നടത്തുന്ന രീതി മാറ്റണമെന്നും ഈ വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
ഇരുനൂറോളം വിദ്യാര്‍ത്ഥികള്‍ ഇതേ ആവശ്യമുന്നയിച്ച് ഗവര്‍ണര്‍ക്ക് പരാതി അയച്ചതായി യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ഇബ്രാഹിം, ജനറല്‍ സെക്രട്ടറി ഇര്‍ഫാന്‍ പി.പി. എന്നിവര്‍ അറിയിച്ചു.

More Citizen News - Ernakulam