ഗുരുദേവ ജയന്തി ആഘോഷിച്ചു

Posted on: 31 Aug 2015വര്‍ണാഭമായി ചതയം തിരുനാള്‍ ഘോഷയാത്ര

തൃപ്പൂണിത്തുറ: ശ്രീനാരായണ ഗുരുദേവന്റെ 161-ാം ജയന്തിയാഘോഷത്തിന്റെ ഭാഗമായി എസ്എന്‍ഡിപി ശാഖായോഗങ്ങളും പോഷകസംഘടനകളും ചതയം തിരുനാള്‍ ഘോഷയാത്ര, ഗുരുപൂജ തുടങ്ങിയവ നടത്തി.
പൂത്തോട്ട 1103-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗവും പോഷകസംഘടനകളും ചേര്‍ന്ന് പൂത്തോട്ട മുതല്‍ തെക്കന്‍ പറവൂര്‍ അങ്ങാടിവരെ ഘോഷയാത്ര നടത്തി. റോഡിനിരുവശങ്ങളിലും ശ്രീനാരായണീയര്‍ നിലവിളക്ക് കത്തിച്ചുവെച്ചിരുന്നു. ശാഖാ പ്രസിഡന്റ് ഇ.എന്‍. മണിയപ്പന്‍ നേതൃത്വം നല്‍കി.
എസ്എന്‍ഡിപി 677-ാം നമ്പര്‍ കാട്ടിക്കുന്ന് ശാഖാേയാഗത്തിന്റെ ആഘോഷത്തില്‍ ശാഖാ ഓഫീസില്‍ പ്രസിഡന്റ് കെ.എം. ശ്രീവത്സനും ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ വൈസ് പ്രസിഡന്റ് കെ.വി. ദേവരാജനും പതാക ഉയര്‍ത്തി. ചതയ ദിന റാലി, വിളക്ക്പൂജ, അന്നദാനം തുടങ്ങിയവ നടത്തി. റാലി കടന്നുപോയ വീഥികളില്‍ ഗുരുദേവന്റെ ചിത്രം അലങ്കരിച്ചുവച്ചിരുന്നു.
എരൂര്‍ ശ്രീധര്‍മ കല്പദ്രുമ േയാഗം, വിവിധ എസ്എന്‍ഡിപി ശാഖകള്‍ തുടങ്ങിയവ ചേര്‍ന്ന് പോട്ടയില്‍ ക്ഷേത്രാങ്കണത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ശ്രീധര്‍മ കല്പദ്രുമ യോഗം പ്രസിഡന്റ് അഡ്വ. എന്‍.ജി. സുനില്‍ പതാക ഉയര്‍ത്തി. ഗുരുപൂജ, വര്‍ണോജ്വലമായ ഘോഷയാത്ര, വൈകീട്ട് ദീപക്കാഴ്ച എന്നിവ നടത്തി.
തൃപ്പൂണിത്തുറ തെക്കുംഭാഗം 2637-ാം നമ്പര്‍ എസ്എന്‍ഡിപി യോഗം ശാഖയും ശ്രീനാരായണ ധര്‍മപോഷിണി സഭയും ചേര്‍ന്ന് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷിച്ചു. വാദ്യമേളങ്ങള്‍, കാവടിയാട്ടം, തെയ്യം, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ അണി നിരന്ന വര്‍ണാഭമായ ചതയദിനഘോഷയാത്രയും നടത്തി. സാംസ്‌കാരിക സമ്മേളനം കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. തെക്കുംഭാഗം എസ്എന്‍ഡിപി ശാഖാ പ്രസിഡന്റ് ടി.കെ. സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ നഗരസഭാ പ്രതിപക്ഷ നേതാവ് സി.എന്‍. സുന്ദരന്‍ നല്‍കി. ഋഷി പല്പു അനുഗ്രഹപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ഇ.കെ. കൃഷ്ണന്‍കുട്ടി, സോമന്‍ മാനാറ്റില്‍, ഉമാശങ്കര്‍ സി.ജി. എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam