മദ്യവില്പനയ്ക്ക് മുറി വാടകയ്ക്ക് നല്‍കിയ ആള്‍ പിടിച്ച പുലിവാല്‌

Posted on: 31 Aug 2015കിഴക്കമ്പലം: ബിവറേജസ് കോര്‍പ്പറേഷന് മദ്യം വില്‍ക്കാന്‍ മുറി വാടകയ്ക്ക് നല്‍കിയ വ്യക്തി ഊരാക്കുടുക്കിലായി. കിഴക്കമ്പലം കുരിയ്ക്കവീപ്പാട്ട് കെ.യു. തോമസാണ് 2002-ല്‍ കിഴക്കമ്പലത്ത് തന്റെ വീടിന്റെ ഒരുഭാഗം വാടകയ്ക്ക് നല്‍കിയത്. ഒന്നാം നിലയില്‍ താമസിച്ച് താഴത്തെ നില വാടകയ്ക്ക് കൊടുക്കുകയായിരുന്നു.
2014 മാര്‍ച്ചില്‍ കരാര്‍ കാലാവധി കഴിഞ്ഞയുടനെ മുറി ഒഴിഞ്ഞുകിട്ടുന്നതിനുള്ള പരിശ്രമത്തിലായി അദ്ദേഹം. എന്നാല്‍, നടപടി വൈകിയതിനെ തുടര്‍ന്ന് ഇദ്ദേഹം പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയെ സമീപിച്ചു.
തന്റെ രണ്ട് മക്കളുടെ വിവാഹാലോചനകള്‍ മുടങ്ങുന്നതായും അതിനാല്‍ മുറികള്‍ ഒഴിഞ്ഞു കിട്ടണമെന്നുമായിരുന്നു ആവശ്യം.
പരാതി പരിശോധിച്ച കോടതി ഒരു മാസത്തിനകം മുറികള്‍ ഒഴിഞ്ഞു കൊടുക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനമായ ബിവറേജസ് കോര്‍പ്പറേഷന്‍ ഒരുമാസം കഴിഞ്ഞിട്ടും മുറി ഒഴിഞ്ഞു കൊടുക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല.
ഈ സാഹചര്യത്തില്‍ വീണ്ടും കോടതിയെ സമീപിക്കാനാണ് തോമസിന്റെ നീക്കം. സര്‍ക്കാര്‍ സ്ഥാപനത്തിന് മുറി വാടകയ്ക്ക് നല്‍കിയത് അബദ്ധമായി എന്നാണ് തോമസ് പറയുന്നത്.

More Citizen News - Ernakulam