കൊച്ചി: വീടിന് മുന്നിലെ കായലില്‍ വീണ കുഞ്ഞനുജന് സഹോദരി രക്ഷകയായി. വൈറ്റില മുണ്ടേമ്പിള്ളി കാട്ടേച്ചിറയില്‍ രാജേഷിന്റെ മകന് രണ്ടര വയസ്സുള്ള അഭിജിത്തിനെയാണ് നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്നതില്‍ നിന്ന്, രാജേഷിന്റെ സഹോദരന് സുമേഷിന്റെ മകളായ പ്രജിന രക്ഷിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വീടിനോട് ചേര്‍ന്നുള്ള കൈതപ്പുഴക്കായലില്‍ എന്തോ വീഴുന്ന ശബ്ദംകേട്ട് പ്രജിനയും സഹോദരി നന്ദിതയും ഓടിയെത്തുകയായിരുന്നു. വന്നുനോക്കിയപ്പോള്‍ കായലിലേക്ക് താഴ്ന്നുകൊണ്ടിരുന്ന കുട്ടിയെയാണ് ഇവര്‍ കണ്ടത്.
പ്രജിന ഉടന്‍ കായലിലേക്ക് എടുത്തുചാടി, കുട്ടിയെ രക്ഷിക്കാനായി ശ്രമം. നന്ദിത വീടിനകത്തു നിന്ന് മുത്തച്ഛനെ വിളിക്കാനോടി. ഇതേസമയം, മുണ്ടേമ്പിള്ളി ജെട്ടിയില്‍ നിന്നിരുന്ന വിജീഷ് എന്നയാളും ഓടിയെത്തി. ഇരുവരും ചേര്‍ന്ന് പ്രജിനയേയും അഭിജിത്തിനെയും കരയ്ക്ക് കയറ്റുകയായിരുന്നു.
നന്ദിതയുടേയും പ്രജിനയുടേയും അവസരോചിതമായ ഇടപെടലിന് അഭിനന്ദനങ്ങളുമായി നാട്ടുകാരെത്തി.
ബോട്ട് യാത്രയ്ക്കിടെ കയലില്‍ വീണ എട്ടുപേരെ രക്ഷിച്ചതിന് രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ എറണാകുളം ബോട്ട്ജെട്ടിയിലെ മുന്‍ ലാസ്കറായ മുണ്ടേമ്പിള്ളി വേണുഗോപാല്‍ ഇവര്‍ക്ക് പുരസ്കാരം നല്കി. സുരക്ഷാ സ്വാശ്രയ സംഘം ഭാരവാഹികളും കുട്ടികളെ ആദരിച്ചു.
പനങ്ങാട് കാമോത്ത് ഗോപിനാഥ മേനോന് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ ഇരുവരെയും ഓണാവധി കഴിഞ്ഞ് സ്കൂള്‍ തുറന്നാലുടന്‍ അനുമോദിക്കുമെന്ന് സ്കൂള്‍ മാനേജര്‍ ലീല ഗോപിനാഥ മേനോന് അറിയിച്ചു.