മുറിച്ചിട്ട മരങ്ങള്‍ നീക്കം ചെയ്യുന്നില്ല; റോഡുകളില്‍ യാത്രാദുരിതം

Posted on: 31 Aug 2015കാക്കനാട്: റോഡരികില്‍ ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ വെട്ടിയിട്ടപ്പോള്‍ അത് പൊതുജനത്തിന് കൂടുതല്‍ പൊല്ലാപ്പായി. അപകടസാധ്യതയുള്ള മരങ്ങള്‍ വെട്ടിമാറ്റാന്‍ നിര്‍ദേശം വന്നതിനെ തുടര്‍ന്ന് കണ്ണില്‍ക്കണ്ട മരങ്ങളെല്ലാം വെട്ടാനുള്ള വ്യഗ്രതയായിരുന്നു പലയിടത്തും. ഉണങ്ങി ദ്രവിച്ച മരങ്ങള്‍ പലതും ഇപ്പോഴും നില്‍ക്കുമ്പോളും നല്ല ആരോഗ്യത്തോട നിന്ന പല വമ്പന്‍ മരങ്ങളും വെട്ടിയിട്ടു. പടര്‍ന്നു പന്തലിച്ച പല മരങ്ങളും വെട്ടി മുറിച്ചിട്ടു. എന്നാല്‍ വെട്ടിയിട്ട വന്‍മരങ്ങളെല്ലാം പാതയോരങ്ങളില്‍ അതേ കിടപ്പുകിടക്കുകയാണ്. ഇത് വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നു.
ദേശീയപാതയിലും പൊതുമരാമത്ത് റോഡുകളിലും മരക്കൊമ്പുകള്‍ മുറിച്ചുനീക്കിയിട്ട് ആഴ്ചകളായെങ്കിലും ഇവ റോഡില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടി ഉണ്ടായില്ല. സാധാരണ ഗതിയില്‍ വലിയൊരു മരം നീക്കാനുണ്ടെങ്കില്‍ നിന്നനില്‍പ്പില്‍ തന്നെ ലേലം ചെയ്ത് പാര്‍ട്ടിയെക്കൊണ്ട് വെട്ടി എടുപ്പിക്കുകയാണ് ചെയ്യാറ്. ഇതിപ്പോള്‍ ലേലം ചെയ്യാന്‍പോലും സമയമില്ലാത്തതിനാല്‍ വേഗം വെട്ടി താഴെയിട്ടു. ഇനി അവയുടെ അളവെടുത്ത് അത് പരസ്യം ചെയ്ത് ലേലം ഉറപ്പിക്കുകയേ നിവൃത്തിയുള്ളു. ചുരുക്കത്തില്‍ റോഡരികിലുള്ള മരങ്ങള്‍ വര്‍ഷങ്ങളോളം അവിടെത്തന്നെ കിടക്കേണ്ട അവസ്ഥ വരുമോയെന്നും ഭയമുണ്ട്. ജീവന് ഭീഷണിയെന്ന പേരില്‍ മരങ്ങളുടെ കടയ്ക്ക് കത്തിവച്ചത് അധികമായെന്നും ആരോപണമുണ്ട്. കാക്കനാട് - സിവില്‍ലൈന്‍ റോഡില്‍ പലയിടത്തും മരങ്ങള്‍ വെട്ടിയിട്ടത് അതേപടി കിടപ്പാണ്.

More Citizen News - Ernakulam