ആലുവ നഗരത്തെ മഞ്ഞപ്പട്ടുടുപ്പിച്ച് ശ്രീനാരായണഗുരു ജയന്തി ആഘോഷം

Posted on: 31 Aug 2015ആലുവ: എസ്.എന്‍.ഡി.പി. യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും മറ്റ് ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 161-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്ര ആലുവ നഗരത്തെ മഞ്ഞയില്‍ മുക്കി.
യൂണിയന്‍ പരിധിയിലെ 61 ശാഖകളില്‍ നിന്നായി ആയിരക്കണക്കിന് ശ്രീനാരായണീയര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. മഞ്ഞ ബ്ലൗസും വെള്ള സാരിയും ധരിച്ച് വനിതകളും വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് പുരുഷന്‍മാരും ഘോഷയാത്രയില്‍ അണിനിരന്നു.
മുത്തുകുടകള്‍, താലം, നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍, തെയ്യം എന്നിവ ഘോഷയാത്രയെ ആകര്‍ഷകമാക്കി.
വൈകീട്ട് മൂന്നരയോടെ അദ്വൈതാശ്രമ കവാടത്തില്‍ യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ ഘോഷയാത്ര ഫ്ലഗ്ഓഫ് ചെയ്തു.
അന്‍വര്‍ സാദത്ത് എം.എല്‍.എ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ എന്നിവര്‍ മുന്നില്‍ നിന്ന് ഘോഷയാത്ര നയിച്ചു. കെ.എസ്. സ്വാമിനാഥന്‍, കെ.കെ. മോഹനന്‍, ആര്‍.കെ. ശിവന്‍, എ.എന്‍. രാമചന്ദ്രന്‍, ടി.കെ. ബിജു, നിര്‍മല്‍കുമാര്‍, വനിതാ സംഘം പ്രസിഡന്റ് ലീല രവീന്ദ്രന്‍, സെക്രട്ടറി ലത ഗോപാലകൃഷ്ണന്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സജീവന്‍ ഇടച്ചിറ, സൈബര്‍ സേന ചെയര്‍മാന്‍ മോബിന്‍ മോഹനന്‍, വി.എന്‍.ഡി. ബാബു, എം.എ. സുബ്രഹ്മണ്യന്‍, അരുണ്‍കുമാര്‍, ഉമ ലൈജി, ഷീല സുകുമാരന്‍, രാജേഷ് ജയസിങ് എന്നിവര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.
അദ്വൈതാശ്രമത്തില്‍ നടന്ന സമാപന സമ്മേളനം യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സാദത്ത് എം.എല്‍.എ. ജയന്തിസന്ദേശം നല്‍കി. നഗരസഭാ ചെയര്‍മാന്‍ എം.ടി. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം കെ.എസ്. സ്വാമിനാഥന്‍ സ്വാഗതവും വനിതാ സംഘം യൂണിയന്‍ സെക്രട്ടറി ലത ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

More Citizen News - Ernakulam