മഞ്ഞപുതച്ച് പറവൂര്‍
Posted on: 31 Aug 2015
പറവൂര്‍: മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് പീതപതാകയുമേന്തി പതിനായിരങ്ങള്‍ അണിനിരന്ന ശ്രീനാരായണ ഗുരുദവേ ജയന്തി ഘോഷയാത്ര പറവൂരിനെ മഞ്ഞപുതപ്പിച്ചു.
161ാമത് ശ്രീനാരായണ ജയന്തിയോടനുബന്ധിച്ച് പറവൂര്‍ എസ്എന്‍ഡിപി യൂണിയന് സംഘടിപ്പിച്ച ഘോഷയാത്ര ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. വൈകീട്ട് മൂന്നിന് പറവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ശ്രീനാരായണ ജ്യോതിരഥം മുന്നില്‍ നീങ്ങി. എസ്എന്‍ഡിപി യൂണിയന്റെ സാരഥികളായ പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന്. സെക്രട്ടറി ഹരി വിജയന്, ഷൈജു മനയ്ക്കപ്പടി, കേന്ദ്ര വനിതാസംഘം വൈസ് പ്രസിഡന്റ് ഇ.എസ്. ഷീബ, പി.വി. മണി, എം.പി. ബിനു, ഡി. ബാബു, ടി.എം. ദിലീപ്, ശിവസുതന്‍, സുധീര്‍ബാബു, പ്രകാശന് തുണ്ടത്തുംകടവില്‍, ഗീതാ കൃഷ്ണന്, പി.എസ്. ജയരാജ്, കെ.ബി. സുഭാഷ്, വി.എന്‍. നാഗേഷ്, പി.പി. രാജേഷ്. ബിന്ദു ബോസ്, കണ്ണന് കൂട്ടുകാട് തുടങ്ങിയവര്‍ ഘോഷയാത്രയുടെ മുന്‍നിരയില്‍ അണിനിരന്നു.
യൂണിയന്റെ കീഴിലുള്ള 72 ശാഖകളില്‍ നിന്നുള്ളവരാണ് ഘോഷയാത്രയില്‍ അണിനിരന്നത്. വനിതകളുടെ സാന്നിധ്യം പതിവിലും കൂടുതലായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന നിശ്ചലദൃശ്യങ്ങള്‍, ഗുരുദേവ സ്തോത്രങ്ങള്‍ എന്നിവയുമുണ്ടായി, ആന, പഞ്ചവാദ്യം, ചെണ്ടമേളം, തപ്പ് തകിലുമേളം, ബാന്‍ഡ്മേളം, പുരാണകഥാപാത്രങ്ങള്‍, തെയ്യം, പുലികളി എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.
സമകാലിക സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള നിശ്ചലദൃശ്യങ്ങളും ഉണ്ടായി. മുന്‍ രാഷ്ട്രപചതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ റോക്കറ്റ് മാന്‍ ദൃശ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാവക്കാട് എസ്എന്‍ഡിപി ശാഖയാണ് ഇത് അവതരിപ്പിച്ചത്. അവയവദാനത്തിന്റെ മഹത്വവും സന്ദേശവും ഉയര്‍ത്തിക്കാട്ടി കെടാമംഗലം എസ്എന്‍ഡിപി ശാഖ അവതരിപ്പിച്ച നിശ്ചലദൃശ്യവും ശ്രദ്ധിക്കപ്പെട്ടു. ഘോഷയാത്ര ഒരു പോയിന്റ് കടക്കാന്‍ മൂന്നര മണിക്കൂറിലേറെ എടുത്തു.
സമ്മേളനം എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. വി.ഡി. സതീശന് എംഎല്‍എ ശ്രീനാരായണ ജയന്തി സന്ദേശം നല്കി. മുന്‍ എംപി. കെ.പി. ധനപാലന് വിശിഷ്ട വ്യക്തികളെ ആദരിച്ചു. മുന്‍ എംപി പി. രാജീവ് വിധവാ-വാര്‍ധക്യ പെന്‍ഷനുകള്‍ വിതരണം ചെയ്തു. എ.എന്‍. രാധാകൃഷ്ണന് സമ്മാനദാനം നിര്‍വഹിച്ചു. യൂണിയന് സെക്രട്ടറി ഹരി വിജയന്, മുന്‍ എംഎല്‍എ പി. രാജു, ഇ.എസ്. ഷീബ, എം.ബി. സ്യമന്തഭദ്രന്‍, കാര്‍ത്യായനി സര്‍വന്‍, എം.പി. ബിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.