ഘോഷയാത്ര
Posted on: 31 Aug 2015
മൂവാറ്റുപുഴ: ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. യൂണിയന്റെ ആഭിമുഖ്യത്തില്‍ മഹാഘോഷയാത്ര നടത്തി. വൈകീട്ട് 4ന് ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ചതയദിന ഘോഷയാത്രയില്‍ 31 ശാഖകളില്‍ നിന്നായി ആയിരക്കണക്കിന് ശ്രീനാരായണ ഭക്തര്‍ പങ്കെടുത്തു.
പി.ഒ. ജങ്ഷന് ചുറ്റി കച്ചേരിത്താഴം, നെഹ്റു പാര്‍ക്ക് വഴി ക്ഷേത്ര മൈതാനിയില്‍ എത്തിച്ചേര്‍ന്നു. ചെണ്ട, ശിങ്കാരിമേളം, കാവടി, ബാന്റ് മേളം, തെയ്യം, കഥകളി, നിശ്ചലദൃശ്യങ്ങള്‍, പുലികളി, മഞ്ഞക്കുടകള്‍, മഞ്ഞത്തൊപ്പികള്‍ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.
നഗരത്തെ മഞ്ഞയണിച്ച ഘോഷയാത്ര രസിക്കാന്‍ വന്‍ ജനാവലിയും നഗരത്തിലെത്തിയിരുന്നു. ക്ഷേത്ര മൈതാനിയില്‍ എത്തിച്ചേര്‍ന്ന ഘോഷയാത്രയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം ജോസഫ് വാഴയ്ക്കന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് വി.കെ. നാരായണന് അദ്ധ്യക്ഷത വഹിച്ചു.
യൂണിയന് വൈസ് പ്രസിഡന്റ് എന്‍.ജി. വിജയന് ചതയദിന സന്ദേശം നല്കി.
വിദ്യാഭ്യാസ അവാര്‍ഡ്ദാനം ഗോപി കോട്ടമുറിക്കല്‍ നടത്തി. സെക്രട്ടറി പി.എന്‍. പ്രഭ, ബോര്‍ഡ് മെമ്പര്‍ അഡ്വ. എന്‍. രമേശ്, യൂണിയന് കൗണ്‍സിലര്‍മാരായ എ.കെ. അനില്‍കുമാര്‍, സി.ആര്. സോമന്, കെ.ആര്. ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
നഗരത്തില്‍ നടന്ന ഘോഷയാത്രയ്ക്ക് യൂണിയന് പ്രസിഡന്റിനൊപ്പം പി.വി. അശോകന്, എം.എസ്. സുഗതന്, ടി.എന്‍. ശശിധരന്, യൂണിയന് വനിതാ സംഘം പ്രസിഡന്റ് നിര്‍മല ചന്ദ്രന്, സെക്രട്ടറി ഉഷ നാരായണന്, യൂണിയന് യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പന് തുടങ്ങിയവര്‍ നേതൃത്വം നല്കി.