ശ്രീകൃഷ്ണ ജയന്തിക്ക് നാടൊരുങ്ങി
Posted on: 31 Aug 2015
കോതമംഗലം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ താലൂക്കില്‍ വര്‍ണാഭമായ കലാ-കായിക മത്സരങ്ങളും വിളംബര യാത്രയും നടന്നു.
അയ്യങ്കാവ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച ശാസ്താ ക്ഷേത്രത്തില്‍ ശ്രീകൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ചിത്രരചനാ മത്സരം, കൃഷ്ണ ഗീതാലാപനം, ഉറിയടി, സുന്ദരിക്കൊരു പൊട്ടുകുത്ത്, കുട്ടികളുടെ വടംവലി മത്സരം എല്‍.പി.തലം മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെ നടന്നു.
തൃക്കാരിയൂരില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി വിളംബര യാത്രയില്‍ നൂറോളം ഇരുചക്ര വാഹനങ്ങള്‍ പങ്കെടുത്തു.
വൈകീട്ട് തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള പടിഞ്ഞാറ്റു കാവിന് മുന്നില്‍ പ്രത്യേകം ഒരുക്കിയ ഭാഗത്ത് ഗോപൂജയും ഉണ്ടായിരുന്നു. ക്ഷേത്രം മേല്‍ശാന്തി മാങ്കുളം കേശവന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.
ഗോപരിപാലനം വര്‍ഷങ്ങളായി നടത്തുന്ന തൃക്കാരിയൂര്‍ സ്വദേശി കൃഷ്ണമൂര്‍ത്തി സ്വാമിയെ മേല്‍ശാന്തി പൊന്നാട അണിയിച്ച് ആദരിച്ചു.