ബദല്‍ യാത്രാസൗകര്യം വേണം - പി. രാജീവ്
Posted on: 31 Aug 2015
കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തെത്തുടര്‍ന്ന് സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ വൈപ്പിനില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സുരക്ഷിതമായ ബദല്‍ യാത്രാ സംവിധാനം ഏര്‍പ്പെടുത്താന്‍ കൊച്ചി കോര്‍പ്പറേഷനും സര്‍ക്കാരും തയ്യാറാകണമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് ആവശ്യപ്പെട്ടു. സര്‍വീസുകള്‍ നിര്‍ത്തിയതോടെ ഈ റൂട്ടില്‍ നേരിട്ടുള്ള യാത്ര അസാധ്യമായിരിക്കുകയാണെന്നും പി. രാജീവ് പറഞ്ഞു.
ഓണാവധി കഴിഞ്ഞ് തിങ്കളാഴ്ച വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ ഗതാഗത പ്രശ്നം കൂടുതല്‍ രൂക്ഷമാകും. ഇരു കരകളിലുമുള്ളവര്‍ ഇപ്പോള്‍ എറണാകുളത്തെത്തിയാണ് യാത്ര ചെയ്യുന്നത്. ഇത് സമയ നഷ്ടവും പണച്ചെലവും വര്‍ധിപ്പിക്കുന്നതിനാല്‍ ബദല്‍ ജലഗതാഗത മാര്‍ഗം ഏര്‍പ്പെടുത്തണം. പൂര്‍ണ സുരക്ഷിതമായ ബോട്ട്, ജങ്കാര്‍ സര്‍വീസുകളാണ് ആരംഭിക്കേണ്ടത്. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തും മുമ്പ് നിലവിലുള്ള കരാര്‍ റദ്ദാക്കാന്‍ കോര്പറേഷന് തയ്യാറാകണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു.