ഭണ്ഡാരം തകര്‍ക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Posted on: 31 Aug 2015കൂത്താട്ടുകുളത്ത് വീണ്ടും മോഷണം ;

ത്താട്ടുകുളം: മഹാദേവ ക്ഷേത്രത്തിലെ പ്രധാനഗോപുരത്തിന് മുന്‍ വശത്തുള്ള ഭണ്ഡാരം തകര്‍ക്കുന്നതിനിടയില്‍ മോഷ്ടാവ് രാമമംഗലം ഊരമന വാവ എന്ന് വിളിക്കുന്ന അനിലിനെ (35) നാട്ടുകാര്‍ പിടികൂടി. ഞായറാഴ്ച പുലര്‍ച്ച രണ്ടേമുക്കാലിനാണ് സംഭവം.
കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലെ കിഴക്കേഗോപുരത്തിന് മുന്നില്‍ ശിവസ്വം ട്രസ്റ്റ് സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരമാണ് തകര്‍ത്തത് . കോണ്‍ക്രീറ്റ് തറയില്‍ സ്റ്റീല്‍ നിര്‍മ്മിതമായ മൂടിയോട് കൂടിയ ഭണ്ഡാരത്തിന്റെ പൂട്ടാണ് പൊളിച്ചത്. പൂട്ട് തകര്‍ക്കുന്ന ശബ്ദം കെട്ട് തൊട്ടടുത്ത വീടുകളില്‍ ഉള്ളവര്‍ ഉണര്‍ന്ന് ക്ഷേത്രഭാരവാഹികളെ ഫോണില്‍ അറിയിച്ചു.
ശിവസ്വം ട്രസ്റ്റ് ഭാരവാഹികള്‍ സ്ഥലത്തെത്തിയപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപെടാന്‍ ശ്രമം നടത്തി. അമ്പലക്കുളത്തിന്റെ ഭാഗത്ത് വച്ച് മോഷ്ടാവിനെ പിടികൂടി. പോലീസ് സംഭവസ്ഥലത്തെത്തി. 724 രൂപയാണ് മോഷ്ടാവില്‍ നിന്ന് കണ്ടെടുത്തത് എന്ന് പോലീസ് പറഞ്ഞു. കോണ്‍ക്രീറ്റ് പണിക്ക് ഉപയോഗിക്കുന്ന കമ്പിയുടെ കഷ്ണം ഉപയോഗിച്ചാണ് ഭണ്ഡാരത്തിന്റെ സ്റ്റീല്‍ നിര്‍മ്മിത മൂടി കുത്തിത്തുറന്നത് എന്ന് പോലീസ് പറഞ്ഞു. മോഷണക്കുറ്റത്തിന് ശിക്ഷ അനുഭവിച്ച് സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇയാള്‍ പുറത്തിറങ്ങിയതെയുള്ളു . രാമമംഗലം ഉള്‍െപ്പടെ വിവിധ സ്റ്റേഷനുകളില്‍ അനില്‍ മോഷണക്കുറ്റത്തിന് പിടിയിലായിട്ടുണ്ട്.
ഇതേ ഭണ്ഡാരത്തില്‍ നേരത്തെയും മോഷണം നടന്നിട്ടുണ്ട്. മോഷ്ടാവിനെ ഭക്തജനങ്ങള്‍ തന്നെയാണ് പിടികൂടിയത്. കഴിഞ്ഞ മാസം അമ്പലംഭാഗത്തെ വീടുകളില്‍ മോഷണം നടന്നിരുന്നു. അമ്പലംഭാഗത്ത് പാറയിടുക്കില്‍ ടി.എന്‍. ചന്ദ്രന്റെ വീട്ടില്‍ നിന്ന് ആറു പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. അടുക്കളഭാഗത്തെ വാതില്‍ പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ വീട്ടുകാരെ ഭയപ്പെടുത്തുകയും ചന്ദ്രന്റെ ഭാര്യ ഗീതയുടെ കഴുത്തില്‍ നിന്ന് രണ്ടര പവന്റെയും, ഉറങ്ങിക്കിടന്ന മകളുടെ കഴുത്തില്‍നിന്നു മൂന്നര പവന്റെയും മാല പൊട്ടിച്ചെടുക്കുകയും ചെയ്തിരുന്നു. ചന്ദ്രനേയും ഗീതയേയും മോഷ്ടാക്കളുടെ സംഘം ആക്രമിച്ചു. ആക്രമണത്തില്‍ ചന്ദ്രന്റെ മുഖത്ത് പരിക്കേറ്റിരുന്നു
അമ്പലം ഭാഗത്ത് ശ്രീശൈലത്തില്‍ ബിജു അപ്പുക്കുട്ടന്റെ വീട്ടിലും മോഷ്ടാക്കളുടെ സംഘമെത്തി. അടുക്കളയുടെ പിന്‍വാതില്‍ പൊളിക്കുന്നതിനിടയില്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. വീട്ടുകാര്‍ ബഹളം വച്ചതോടെ മോഷ്ടാക്കളുടെ സംഘം പിന്‍വാങ്ങുകയായിരുന്നു.

More Citizen News - Ernakulam