അഗതി മന്ദിരത്തില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ പിടിയില്‍
Posted on: 30 Aug 2015
കൊച്ചി: ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വടുതല ശാന്തി നികേതനില്‍ പാര്‍പ്പിച്ചിരുന്ന യുവതിയെ മാതാപിതാക്കളുള്പ്പെട്ട സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച് പിടിയിലായി. ശാന്തിനികേതന്‍ അധികൃതരുടെ പരാതിയില്‍ കേസെടുത്ത പോലീസ് സംഘം ഒരു മണിക്കൂറിനുള്ളില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തെ വരാപ്പുഴയില്‍ നിന്ന് പിടികൂടുകയായിരുന്നു. കോടതി ഉത്തരവ് ലംഘിച്ചതിനും തട്ടിക്കൊണ്ടുപോയതിനും വിവിധ വകുപ്പുകള്‍പ്രകാരം ഒമ്പത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ശനിയാഴ്ച രാവിലെ 12നാണ് സംഭവം. യുവതിയുടെ മാതാപിതാക്കള്‍ക്കു പുറമേ ഇവരുടെ ബന്ധുവും ഇയാളുടെ സുഹൃത്തുക്കളുമാണ് സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട് ബാലുശ്ശേരി കൈരളി റോഡ് നെല്ലുങ്കല്‍ മനോഹരന് (59), ഭാര്യ ഷീല (48), മനോഹരന്റെ ബന്ധു ബാലുശ്ശേരി നന്മണ്ട തൊട്ടുകടവത്ത് അംശുതന്‍ (24), നന്മണ്ട കിളിയാനക്കൊണ്ടി വീട്ടില്‍ വിഷ്ണു (22), എറണാകുളം പറവൂര്‍ വടക്കേക്കര മൂത്തകുന്നം കൈമഠത്തില്‍ സ്വരാജ് (29), ബാലുശ്ശേരി പൊതിയോത്ത് മീത്തല്‍ സുജിത്ത് (37), ബത്തേരി അനിത ക്വാര്‍ട്ടേഴ്സില്‍ പി. പി. റിലേഷ് (32), ബാലുശ്ശേരി പൊടിക്കോത്ത് ധനേഷ്കുമാര്‍ (24), തലശ്ശേരി മീത്തല്‍ മഞ്ജുള്‍ (30) എന്നിവരെയാണ് നോര്‍ത്ത് പോലീസ് അറസ്റ്റ്ചെയ്തത്. യുവതിയെ തട്ടിക്കൊണ്ടുപോകുന്നത് തടയാനെത്തിയ ശാന്തിനികേതന്‍ സെക്രട്ടറി ഷേര്‍ളി, ഇവരുടെ ഭര്‍ത്താവും അസി. വാര്‍ഡനുമായ സന്തോഷ്കുമാര്‍ എന്നിവരെ സംഘം മര്‍ദിച്ചു.
യുവാവിനൊപ്പം വീടുവിട്ട മകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മനോഹരന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരായ യുവതിയെ താത്കാലികമായി വടുതല ശാന്തിനികേതനില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ട കോടതി കേസ് സപ്തംബര്‍ ഒമ്പതിലേക്ക് മാറ്റി. ഇതിനിടെയാണ് ശനിയാഴ്ച ശാന്തിനികേതനില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയത്. സുജിത്തിന്റെ വാനിലെത്തിയ സംഘം വാഹനം പുറത്തുനിര്‍ത്തി അകത്തുകടന്ന് യുവതിയെ ബലംപ്രയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു. ഷേര്‍ളിയും സന്തോഷ്കുമാറും ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും മര്‍ദിച്ചശേഷം യുവതിയെ സംഘം വാനില്‍ കയറ്റിക്കൊണ്ടുപോയി. ഷേര്‍ളി വിവരമറിയിച്ചതനുസരിച്ച് നോര്‍ത്ത് പോലീസ് കണ്‍ട്രോള്‍റൂം വഴി മറ്റു സ്റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി.
വരാപ്പുഴ ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ചേരാനല്ലൂര്‍ പോലീസ് വാഹനം തിരിച്ചറിയുകയും സംഘത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിടിക്കപ്പെടുമെന്നുറപ്പായതോടെ മൂന്നുപേര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിയോടിയെങ്കിലും ഇവരെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.