വിത്തേരിക്കാവ് പാടത്ത് വഴി ഒരുങ്ങി
Posted on: 30 Aug 2015
ക്ഷേത്രത്തിനും പാടശേഖരത്തിനും വികസന പ്രതീക്ഷ
മുളന്തുരുത്തി: വിത്തേരിക്കാവ് പാടശേഖരത്തില്‍ ഈ വര്‍ഷം മിക്ക കര്‍ഷകരും കൃഷിയിറക്കി. സൗകര്യങ്ങള്‍ വര്‍ധിക്കുകയും കര്‍ഷകരില്‍ ഉത്സാഹം വരികയും ചെയ്തതോടെ മുന്‍പ് തരിശിട്ടവരും കൃഷിയിറക്കുകയായിരുന്നു. അവര്‍ക്ക് സൗകര്യപ്രദമായി വിത്തേരിക്കാവ് റോഡ് തുറന്നതാണ് ഈ ഉത്സാഹത്തിന് ഒരു കാരണം.
കാഞ്ഞിരമറ്റത്തു നിന്ന് ഒറ്റപ്പെട്ടു കിടന്ന പ്രദേശത്തിന് വികസനം എത്തിക്കാനും ഈ റോഡ് സഹായകമായെന്ന് ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയര്‍മാനും വാര്‍ഡംഗവുമായ കെ.എ. നാസര്‍ പറഞ്ഞു.
'വിത്തേരിക്കാവ് ഫാം റോഡ്' എന്ന പേരില്‍ മൂന്ന് റോഡുകളാണ് അഞ്ചാം വാര്‍ഡില്‍ നിര്‍മിച്ചത്. കരയും പാടവും പാതിവീതം എടുത്താണ് റോഡ് നിര്‍മിച്ചിട്ടുള്ളത്. ഇതുകൊണ്ടു തന്നെ കരയ്ക്കരികില്‍ ചോലമൂലം വിളവുണ്ടാകാത്ത നിലം റോഡായതോടെ ശേഷിച്ച ഭാഗത്ത് നല്ല വിളവുണ്ടാകുന്നതായി കര്‍ഷകര്‍ പറഞ്ഞു. ആറ് മീറ്റര്‍ വീതിയിലാണ് റോഡ്.
റോഡിന്റെ പാതി വരുന്ന പാടം മണ്ണിട്ട് നികത്തുന്നതിനുള്ള പ്രാദേശികതല നിരീക്ഷണ സമിതിയുടെ അനുമതി നേരത്തെ തന്നെ ലഭ്യമായിട്ടുണ്ട്. സംസ്ഥാനതല സമിതിയുടെ അനുമതിക്കുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും നാസര്‍ അറിയിച്ചു.
സ്ഥലം എം.പി. ജോസ് കെ. മാണി പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് റോഡ് നിര്‍മാണത്തിന് രണ്ട് ലക്ഷം രൂപ നല്കി. മന്ത്രി അനൂപ് ജേക്കബ് ആറ് ലക്ഷം നല്കി. പഞ്ചായത്തില്‍ നിന്ന് റോഡ് വൈദ്യുതീകരിച്ചതിന് നാല് ലക്ഷം െചലവഴിച്ചു.
വിത്തേരിക്കാവ് ക്ഷേത്ര സമിതിയുടെയും വിഡാങ്ങര പാടശേഖര സമിതിയുടെയും പതിറ്റാണ്ടുകള്‍ നീണ്ട ആവശ്യമായിരുന്നു വിത്തേരിക്കാവ് റോഡ്. റോഡ് പൂര്‍ത്തിയായിക്കഴിഞ്ഞു. വൈദ്യുതീകരിച്ച് വഴിവിളക്കും സ്ഥാപിച്ചു.
വിത്തേരിക്കാവ് ക്ഷേത്ര സമിതി, റോഡ് നിര്‍മാണത്തിന് നേതൃത്വം നല്കിയ ഗ്രാമപഞ്ചായത്തംഗം കെ.എ. നാസറിനെ ഉത്സവത്തോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. കരിങ്കല്‍ കെട്ടി, ടാറിട്ട് കിട്ടിയാലേ റോഡിന് പൂര്‍ണത വരികയുള്ളൂ എന്നാണ് സ്ഥലവാസികളുടെ അഭിപ്രായം.