കൊയിലാണ്ടിയിലെ വൈദ്യുതി മുടക്കത്തിന് പരിഹാരമായില്ല

Posted on: 30 Aug 2015



കൊയിലാണ്ടി: നഗരത്തിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെടുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കണ്ടെത്താന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സാങ്കേതികമായ ഒട്ടെറെ കാര്യങ്ങള്‍ ഈ വിഷയത്തില്‍ തടസ്സമായുണ്ട്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കെ. ദാസന്‍ എം.എല്‍.എ. വൈദ്യുതി മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
കന്നൂര് 11 കെ.വി സബ്ബ് സ്റ്റേഷനില്‍ നിന്ന് എച്ച്.ടി. ഫീഡര്‍ മുഖേനയാണ് ചിങ്ങപുരം, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി, നന്തി 11 കെ.വി. ഫീഡറുകളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നത്. ഈ നാല് 110 കെ.വി. ഫീഡറുകളും സമാന്തരമായി 3.1 കി.മീറ്റര്‍ ഒരുമിച്ച് ഒരു പോസ്റ്റില്‍ കൂടി കടന്നു പോകുന്നതിനാല്‍, ഇതില്‍ ഏതെങ്കിലും ഒന്നിന്റെ തകരാര്‍ പരിഹരിക്കുന്നതിനോ, അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനോ സുരക്ഷയെക്കരുതി നാല് ഫീഡറുകളും ഒരുമിച്ച് ഓഫാക്കുകയാണ് ചെയ്യുന്നത്. ഇത് കാരണം ഏതെങ്കിലും ഒരുഫീഡറില്‍ പ്രവൃത്തി നടക്കുമ്പോള്‍ മറ്റ് മൂന്ന് ഫീഡറുകളും ഓഫാക്കേണ്ടി വരും. അപ്പോള്‍ ഏതു സമയവും വൈദ്യുതി മുടക്കമായിരിക്കും ഫലം. മാത്രവുമല്ല ഈ ഫീഡറുകള്‍ നാലിലധികം സെക്ഷനുകളില്‍ കൂടിയാണ് കടന്നുപോകുന്നത്. ഒരു ഫീഡറിന്റെ തകരാര്‍ പരിഹരിക്കുന്നതിന് നാലിലധികം സെക്ഷനുകളുടെ സംയോജിത പ്രവര്‍ത്തനം ആവശ്യമായി വരുന്നുണ്ട്.
നാലില്‍ ഒരു ഫീഡര്‍ ഓവര്‍ഹെഡ് ലൈനായി നിലനിര്‍ത്തി ബാക്കി സമാന്തരമായി വരുന്ന സ്ഥലങ്ങളില്‍ ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുകയാണെങ്കില്‍ വൈദ്യുതി തടസ്സം കുറയ്ക്കാന്‍ സാധിക്കും. അതിനായി 4.6 കി.മീറ്റര്‍ നീളത്തില്‍ 11.കെ.വി.എച്ച്.ടി കേബിളുകള്‍ വലിക്കുകയാണ് വേണ്ടത്.
നഗരത്തില്‍ തന്നെ സബ്‌സ്റ്റേഷന്‍ സ്ഥാപിച്ചാല്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടുമൊണ് പൊതുവേ ഉയരുന്ന ഒരു നിര്‍ദേശം. 50 സെന്റ് സ്ഥലം കണ്ടെത്തിയാല്‍ സബ്ബ് സ്റ്റേഷന്‍ സ്ഥാപിക്കാവുന്നതാണ്. പാവങ്ങാട്, മേലടി സബ്‌സ്റ്റേഷനുകളില്‍ നിന്ന് അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള രണ്ട് ലൈനുകള്‍ നഗരത്തിന്റെ തെക്കും വടക്കുമായി എത്തിച്ചാല്‍ അത്യാവശ്യഘട്ടങ്ങളില്‍ ഇവിടെ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചും നഗരത്തെ ഇരുട്ടില്‍ നിന്ന് രക്ഷിക്കാന്‍ കഴിയും.
കന്നൂര്‍, മേപ്പയ്യൂര്‍ സബ്‌സ്റ്റേഷനുകളില്‍ നിന്ന് വൃക്ഷങ്ങള്‍ക്കിടയിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് കൊയിലാണ്ടിയില്‍ ഇപ്പോള്‍ വൈദ്യുതിയെത്തുന്നത്. വലിയ തോതിലുള്ള വൈദ്യുതി ചോര്‍ച്ചയാണ് ഇതുമൂലം സംഭവിക്കുന്നത്. നടുവണ്ണൂര്‍, അത്തോളി, നന്തി, ചെങ്ങോട്ട്കാവ്, പൂക്കാട് എന്നീ ഫീഡറുകളോടൊപ്പം ഒരേ പോസ്റ്റിലൂടെ തന്നെ സഞ്ചരിച്ച് വൈദ്യുതി കൊയിലാണ്ടിലെത്തുമ്പോള്‍ മറ്റു ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ട.് കമ്പികള്‍ക്ക് താങ്ങാന്‍ കഴിയാത്ത വൈദ്യുതിയാണ് പ്രവഹിക്കുന്നത്. 150 ആംപിയര്‍ വൈദ്യുതിക്ക് മാത്രം പ്രവഹിക്കാന്‍ കഴിയുന്ന കൊയിലാണ്ടി ഫീഡറില്‍ ഇപ്പോള്‍ പതിവായി ഒഴുകുന്നത് 230 ആംപിയര്‍ കറന്റാണ്. കമ്പി പഴുത്ത് ജംബറുകളൊക്കെ കത്തി ഫീഡര്‍ ഓഫാകലാണ് ഇതിന്റെ പരിണിതഫലം. ഫീഡറിലെ തകരാറിനു പുറമേ നിരന്തരം വാഹനമിടിച്ച് പോസ്റ്റുകള്‍ കേടാകുന്നതും പ്രകൃതി ക്ഷോഭംമൂലമുള്ള പ്രശ്‌നങ്ങള്‍ കാരണവും ഏതെങ്കിലും ഒരു ഫീഡര്‍ തകരുന്നത് പതിവാണ്. ഒന്ന് തകര്‍ന്നാല്‍ അറ്റകുറ്റപ്പണി ചെയ്യണമെങ്കിലും ഇവയെല്ലാം ഒരുമിച്ച് ഓഫ് ചെയ്‌തെങ്കിലേ പറ്റൂ. അതോടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാവുന്നത് വരെ എല്ലായിടത്തും വൈദ്യുതി നിലയ്ക്കും.
നന്തി, ചെങ്ങോട്ടുകാവ്, ചിങ്ങപുരം, എന്നീ ഫീഡറുകള്‍ക്ക് കീഴില്‍ ചെറുതും വലുതുമായ നിരവധി വൈദ്യുതി അധിഷ്ഠിത വ്യവസായ സ്ഥാപനങ്ങള്‍, എണ്ണായിരത്തോളം വ്യാപാര സ്ഥാപനങ്ങള്‍, കൊയിലാണ്ടി നഗരസഭ, മിനി സിവില്‍ സ്റ്റേഷന്‍, താലൂക്കാസ്​പത്രി, കോടതികള്‍, റെയില്‍വേ സ്റ്റേഷന്‍, ടെലിഫോണ്‍ എക്‌സേഞ്ച്, ബാങ്കുകള്‍, ആര്‍.ടി.ഒ. ഓഫീസ്, ട്രഷറി എന്നിവയെല്ലാമുണ്ട്. വൈദ്യുതി മുടക്കം ഒട്ടെറെ ഉപഭോക്താക്കളെയാണ് കഷ്ടത്തിലാക്കുന്നത്.

More Citizen News - Ernakulam