അയ്യന്‍കാളി ജന്മദിനാഘോഷം
Posted on: 30 Aug 2015
പറവൂര്‍: അയ്യന്‍കാളിയുടെ 153ാമത് ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
കെപിഎംഎസ് പറവൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന, സാംസ്കാരിക ഘോഷയാത്ര, പൊതുസമ്മേളനം എന്നിവ നടത്തി. ശനിയാഴ്ച വൈകീട്ട് മൂന്നിന് വെടിമറയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര സമ്മേളനനഗരിയായ പുല്ലങ്കുളം എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമാപിച്ചു. വാദ്യമേളങ്ങളും പതാകവാഹകരും ഘോഷയാത്രയില്‍ അണിനിരന്നു.
പൊതുസമ്മേളനം കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം കെ. എന്‍. മോഹനന് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് പ്രൊഫ. എം. മോഹന്‍ അധ്യക്ഷത വഹിച്ചു. ഐ.എസ്. കുണ്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എ. കെ. പുരുഷന് വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. അയ്യന്‍കാളിയുടെ ജന്മദിനാഘോഷം കെപിഎംഎസ് വടക്കുംപുറം ശാഖയുടെ നേതൃത്വത്തില്‍ നടന്നു. ചേന്ദമംഗലം പാലിയംനടയില്‍ ശാഖാ വൈസ് പ്രസിഡന്റ് പി. ടി. തമ്പി പതാക ഉയര്‍ത്തി. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും ശിങ്കാരിമേളവും ഉണ്ടായി. സാംസ്കാരിക സമ്മേളനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗം കെ. ശിവശങ്കരന് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി. കെ. തമ്പി അധ്യക്ഷത വഹിച്ചു. പി. എ. ഹരിദാസ് ജന്മദിന സന്ദേശം നല്കി.