രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ കാലൊടിഞ്ഞു, ഓട്ടോക്കാരന് ജോഷി ആസ്പത്രിയില്‍
Posted on: 30 Aug 2015
ഫോര്‍ട്ടുകൊച്ചി: ''ബോട്ട് പതിയെ താഴുന്നത് ഞാന്‍ ജെട്ടിയില്‍നിന്ന് കണ്ടു. പിന്നെ ഒന്നും നോക്കിയില്ല; കായലിേലയ്ക്ക് ചാടി'' - പനയപ്പിള്ളി ഗൗതം ആസ്പത്രിയില്‍ കഴിയുന്ന ചക്കാമാടം സ്വദേശി ജോഷി തോമസ് അപകടം ഓര്‍ത്തെടുക്കുകയാണ്.
രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരെ ജോഷി രക്ഷപ്പെടുത്തി. ഇതിനിടയില്‍ ബോട്ട് വടംകെട്ടി കരയിലേയ്ക്ക് വലിക്കാന്‍ തുടങ്ങി. മുങ്ങിയ ബോട്ടിനകത്തുകൂടി, പിടിച്ച് മുകളിലേക്ക് കയറാന്‍ ശ്രമിച്ച ജോഷി ബോട്ടിനകത്തെ ഇരുമ്പുകമ്പിയില്‍ അടിച്ചുവീണു. ഇടതു കാല് ഒടിഞ്ഞ് ജോഷി വീണു. രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ ജോഷിയെ ഉടനെ പനയപ്പിള്ളി ആസ്പത്രിയിലെത്തിച്ചപ്പോള്‍ ബോധമുണ്ടായിരുന്നില്ല.
ഫോര്‍ട്ടുകൊച്ചിയില്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ് ജോഷി. സംഭവദിവസം ഉച്ചയോടെ ഫോര്ട്ടുകൊച്ചിയിലെത്തിയതാണ്. മറ്റൊരു സുഹൃത്തിനെ കാത്ത് ഫെറിയില്‍ നില്‍ക്കുമ്പോഴാണ് കായലില്‍നിന്ന് കരച്ചില് കേട്ടത്. നീന്തലറിയാമായിരുന്ന ജോഷി മടിച്ചുനിന്നില്ല.
കാലൊടിഞ്ഞെങ്കിലും മൂന്ന് ജീവന് രക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് ജോഷി. ജോഷിക്ക് ഇനി കുറച്ചു കാലത്തേക്ക് ജോലിക്ക് പോകാനാവില്ല. ഭാര്യയും മൂന്നു മക്കളുമുള്ള കുടുംബമാണ്. ഓട്ടോ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. ചികിത്സയ്ക്ക് നല്ല തുക വേണം. അപകടം കണ്ട് കായലില്‍ ചാടിയ ജോഷിയെ, പക്ഷെ, അധികൃതര്‍ കണ്ട മട്ട് നടിക്കുന്നില്ല.