ഗുരുജയന്തി ആഘോഷം; പറവൂരില്‍ ഘോഷയാത്ര ഇന്ന്
Posted on: 30 Aug 2015
പറവൂര്‍: ശ്രീനാരായണ ഗുരുദേവന്റെ 161-ാമത് ജയന്തി ആഘോഷം ഞായറാഴ്ച നടക്കും.
പറവൂര്‍ എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ ജയന്തി ഘോഷയാത്രയും സമ്മേളനവും ഉണ്ട്. വൈകീട്ട് മൂന്നിന് പറവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നാണ് ഘോഷയാത്ര ആരംഭിക്കുക. യൂണിയന്റെ കീഴിലുള്ള 72 ശാഖകളില്‍ നിന്ന് പതിനായിരങ്ങള്‍ ഘോഷയാത്രയില്‍ അണിനിരക്കും. പഞ്ചവാദ്യം, ചെണ്ടമേളം, ബാന്‍ഡ്, തപ്പ്, താളം, കാവടി, നാടന്‍ കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, തെയ്യം, പുലികളി, കരകാട്ടം, മുത്തുക്കുട തുടങ്ങിയവ ഘോഷയാത്രയ്ക്ക് താളക്കൊഴുപ്പേകാന്‍ ഉണ്ടാകും. ഘോഷയാത്ര നഗരം ചുറ്റി എസ്എന്‍ഡിപി യൂണിയന് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരും. 5.30ന് നടക്കുന്ന ജയന്തി സമ്മേളനം എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം. എന്‍. സോമന് ഉദ്ഘാടനം ചെയ്യും. യൂണിയന് പ്രസിഡന്റ് സി.എന്‍. രാധാകൃഷ്ണന് അധ്യക്ഷനാകും. വി.ഡി. സതീശന് എംഎല്‍എ ജയന്തി സന്ദേശം നല്‍കും. മുന്‍ എം.പി കെ.പി. ധനപാലന് വിശിഷ്ട വ്യക്തികളെ ആദരിക്കും. മുന്‍ എം.പി പി. രാജീവ് പെന്ഷന് വിതരണം നടത്തും. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ബിജെപി സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് വിതരണം ചെയ്യും.
ഗുരുദേവന് പ്രതിഷ്ഠ നടത്തിയ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തില്‍ രാവിലെ വിശേഷാല്‍ ഗുരു പൂജ, ഗുരുദേവ മണ്ഡപത്തില്‍ പ്രത്യേക പ്രാര്‍ഥന എന്നിവ നടക്കും. എട്ടിന് എച്ച്എംഡിപി സഭാ പ്രസിഡന്റ് പി.കെ. ലാലാജി പീതപതാക ഉയര്‍ത്തും. ഒന്‍പതിന് നടക്കുന്ന ഘോഷയാത്രയില്‍ എസ്എന്‍എം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ അണിനിരക്കും. സമ്മേളനം ഡോ. കെ.എസ്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും.
ചേന്ദമംഗലം പാലാതുരുത്ത് മുണ്ടുരുത്തി ഗുരുദേവ സംഘമിത്രയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ജയന്തി ആഘോഷമുണ്ട്. സമ്മേളനം കൊല്ലം വി. ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യും.
പറവൂരില്‍ ഇന്ന് ഉച്ചമുതല്‍
ഗതാഗത നിയന്ത്രണം
പറവൂര്‍: ശ്രീനാരായണ ജയന്തി ഘോഷയാത്ര നടക്കുന്നതിനാല്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു.
കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നും പറവൂരിലേക്ക് വരുന്ന വാഹനങ്ങള്‍ അണ്ടിപ്പിള്ളിക്കാവ്, വടക്കുംപുറം, ചേന്ദമംഗലം വഴി വെടിമറയില്‍ എത്തി പോകേണ്ടതാണ്.
ആലുവ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ആനച്ചാല്‍ -വഴിക്കുളങ്ങര വഴി എന്‍എച്ച് 17ല്‍ പ്രവേശിച്ച് തിരിഞ്ഞുപോകണം.
വൈപ്പിനില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പെരുമ്പടന്ന ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് എന്‍എച്ച് 17ല്‍ പ്രവേശിച്ച് പോകണം.
ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എത്തുന്ന വാഹനങ്ങള്‍ പുല്ലങ്കുളം എസ്എന്‍ സ്കൂള്‍ ഗ്രൗണ്ടിലും പറവൂര്‍ ഗവ. ബോയ്സ് സ്കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.