കിഴക്കമ്പലത്തെ മദ്യവില്പനശാലയിലേക്കുള്ള വഴി കെട്ടി അടച്ചു

Posted on: 30 Aug 2015കിഴക്കമ്പലം: കിഴക്കമ്പലത്തെ ബിവറേജസ് ഡിപ്പോയുടെ ഗേറ്റ് ട്വന്റി 20 പ്രവര്‍ത്തകര്‍ കരിങ്കല്ലു കെട്ടി അടച്ചു. ഡിപ്പോ പ്രവര്‍ത്തിക്കുന്ന കെട്ടിടം ആഗസ്ത് 28 നകം ഉടമയ്ക്ക് ഒഴിഞ്ഞുകൊടുക്കണമെന്ന് കോടതി ഉത്തരവായിരുന്നു. കോടതി പറഞ്ഞിരുന്ന സമയം വെള്ളിയാഴ്ച കഴിഞ്ഞതോടെ നാട്ടുകാരും ട്വന്റി 20 പ്രവര്‍ത്തകരും രംഗത്തു വരികയായിരുന്നു. മാസങ്ങള്‍ക്കു മുമ്പ് ഡിപ്പോ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ട്വന്റി 20 സമരം നടത്തിയിരുന്നു.
ഡിപ്പോ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ കരാര്‍ കാലാവധി അവസാനിച്ച ഉടനെ മുറികള്‍ ഒഴിഞ്ഞു കൊടുക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാതിരുന്നതിനാല്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് പെരുമ്പാവൂര്‍ മുനിസിപ്പല്‍ കോടതിയുടെ ഉത്തരവുണ്ടായത്. മുറി ഒഴിഞ്ഞു കൊടുക്കണമെന്ന് കോടതി ഉത്തരവുണ്ടാവുകയും ചെയ്തു. പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഡിപ്പോ അടച്ചുപൂട്ടണമെന്നതായിരുന്നു ട്വന്റി20 യുടെ ആവശ്യം. കോടതി ഉത്തരവുണ്ടായിട്ടും ബിവറേജസ് കോര്‍പ്പറേഷന്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടി എടുത്തിരുന്നില്ല.
ശനിയാഴ്ച നൂറുകണക്കിനാളുകളാണ് രാവിലെ ഒമ്പതരയോടെ ബിവറേജസ് ഡിപ്പോയിലേക്ക് മാര്‍ച്ച് ചെയ്തത്. തുടര്‍ന്ന് ഗേറ്റിന്റെ ഭാഗം ജനങ്ങള്‍ കരിങ്കല്ല് കെട്ടി അടച്ചു. ഗേറ്റ് താഴിട്ടുപൂട്ടുകയും ചെയ്തു.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എസ്.ഐ.ഷിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു. െഡപ്യൂട്ടി തഹസില്‍ദാര്‍മാരായ വര്‍ക്കി ജോസഫ്, കെ.എം.എല്‍ദോ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
അടച്ചുകെട്ടിയ ഭാഗം പോലീസിന്റെ നേതൃത്വത്തില്‍ പൊളിച്ചു മാറ്റുമെന്ന് അഭ്യൂഹം ഉണ്ടായെങ്കിലും അതുണ്ടായില്ല.

More Citizen News - Ernakulam