മദ്യപസംഘത്തിന്റെ പണപ്പിരിവ് ചോദ്യംചെയ്ത പഞ്ചായത്തംഗത്തിനും അനുജനും മര്‍ദനം
Posted on: 30 Aug 2015
ആലുവ: മദ്യപിച്ച് പണപ്പിരിവ് നടത്തിയ യുവാക്കള്‍ അക്രമം അഴിച്ചുവിട്ടു. ചോദിക്കാനെത്തിയ പഞ്ചായത്തംഗത്തിനും അനുജനും മര്‍ദനമേറ്റു. ചൂണ്ടി ചുണങ്ങംവേലിയില്‍ തിരുവോണനാളില്‍ വൈകീട്ടായിരുന്നു സംഭവം. വൈകീട്ട് ചുണങ്ങംവേലി നാലുസെന്റ് മുളയംകോട് കനാല്‍പ്പാലത്തിന് സമീപം കാരംസ് കളിച്ചുകൊണ്ടിരിക്കുന്ന യുവാക്കളോടാണ് മദ്യപിച്ചെത്തിയ യുവാക്കള്‍ പണപ്പിരിവ് നടത്തിയത്.
ഇതിനെ ചോദ്യംചെയ്ത് ചുണങ്ങംവേലി ഞാറ്റുവീട്ടില്‍ എന്‍.എച്ച്. സാദിഖ് (38) എത്തുകയായിരുന്നു. എന്നാല്‍, കമ്പിവടി കൊണ്ട് സാദിഖിന്റെ തല ഇടിച്ചു പൊട്ടിച്ചു. അനുജനെ മര്‍ദിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ എടത്തല പഞ്ചായത്തംഗം ഞാറ്റുവീട്ടില്‍ എന്‍.എച്ച്. ഷെബീറിനേയും (40) സംഘം ആക്രമിച്ചു. പരിക്കേറ്റ ഇരുവരേയും രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാദിഖിന്റെ നെറ്റിയില്‍ നാല് തുന്നലുണ്ട്.
ചുണങ്ങംവേലി സ്വദേശികളായ ജോമോന്, ഡിനോ, ടിന്റു എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് മര്‍ദിച്ചതെന്ന് ഇരുവരും പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.