ആലുവയില്‍ ഗതാഗത നിയന്ത്രണം
Posted on: 30 Aug 2015
ആലുവ: എസ്.എന്‍.ഡി.പി. യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 161-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയാഘോഷം ഞായറാഴ്ച സമാപിക്കും. ഇതോടനുബന്ധിച്ചുള്ള ജയന്തിമഹാഘോഷയാത്ര വൈകീട്ട് മൂന്നിന് അദ്വൈതാശ്രമം കവാടത്തില്‍ നിന്നും ആരംഭിക്കും.
എസ്.എന്‍.ഡി.പി. യൂണിയന് പരിധിയിലെ 61 ശാഖകളില്‍ നിന്നായി ആയിരക്കണക്കിന് ആളുകള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന് ഘോഷയാത്ര ഫ്ലഗ് ഓഫ് ചെയ്യും.
തുടര്‍ന്ന് അദ്വൈതാശ്രമത്തില്‍ നടക്കുന്ന ജയന്തി മഹാസമ്മേളനം യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന് ഉദ്ഘാടനം ചെയ്യും.
ആലുവ: 161-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ഇന്ന് അദ്വൈതാശ്രമത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടക്കുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു. പുലര്‍ച്ചെ 5.30ന് ഗുരുപ്രാര്ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിക്കും. ആറിന് ശാന്തിഹവനം, പാരായണം, എട്ടിന് സ്വാമി ശിവസ്വരൂപാനന്ദ പതാക ഉയര്‍ത്തും. 9.30ന് വിശേഷാല്‍ ഗുരുപൂജ, 10.30ന് സ്വാമി ശിവസ്വരൂപാനന്ദ നയിക്കുന്ന സത്സംഗം, 12.30ന് വിശേഷാല്‍ ഗുരുപൂജ എന്നിവ നടക്കും.
ആലുവ: ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയുടെ ഭാഗമായി ഞായറാഴ്ച വൈകീട്ട് മൂന്ന് മുതല്‍ ഏഴ് വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക്ക് പോലീസ് അറിയിച്ചു.
പെരുമ്പാവൂര്‍ ഭാഗത്തു നിന്ന് ആലുവ ബൈപ്പാസിലേക്ക് വരുന്ന വാഹനങ്ങള്‍ പമ്പ് കവലയില്‍ നിന്ന് സീനത്ത്, പവര്‍ ഹൗസ്, കാരോത്തുകുഴി, പുളിഞ്ചോട് വഴി പോകണം. പമ്പ് കവലയില്‍ നിന്നും പോസ്റ്റ് ഓഫീസ്, ബാങ്ക് കവല ഭാഗത്തേക്ക് ഗതാഗതം പൂര്‍ണമായും നിരോധിക്കും. എറണാകുളം ഭാഗത്തു നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബൈപ്പാസ്, ബാങ്ക് കവല, പമ്പ് കവല വഴി പോകണം. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ വരുന്നവരുടെ വാഹനങ്ങള്‍ അദ്വൈതാശ്രമത്തിന് എതിര്‍വശമുള്ള ഗ്രൗണ്ടിലും മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്തും പാര്‍ക്ക് ചെയ്യണം. നഗരത്തിന്റെ പ്രധാന വീഥികളില്‍ വൈകീട്ട് ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്.