അമ്പാട്ട് സുലോചന: വിപ്ലവച്ചോപ്പുള്ള ഒരു ദാവണി

Posted on: 30 Aug 2015


ശരത് കൃഷ്ണ



കൊച്ചി: ചുവന്നനിറമുള്ള ഓര്‍മയാണ് കൊച്ചിക്ക് അമ്പാട്ട് സുലോചന. കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ സമരവഴികളിലൂടെയാണ് നടന്നുവന്നതെങ്കിലും വിപ്ലവച്ചോപ്പുണ്ടായിരുന്നു അവരുടെ ധീരതയ്ക്ക്. അന്ന്, ഭാരതം സ്വാതന്ത്ര്യത്തിന്റെ പുതിയ തുടിപ്പിനെ പുണര്‍ന്നുനിന്ന പ്രഭാതത്തില്‍ മഹാരാജാസ് കോളേജില്‍ ഒരു ചരിത്രനിമിഷത്തിലേക്ക് ഉയര്‍ന്നുപാറിയ പതാകയ്ക്ക് കീഴെ സുലോചനയുണ്ടായിരുന്നു; ചുവന്ന ദാവണിയുടുത്ത്....
പേരില്‍ രാജവാഴ്ചയുടെ അവശേഷിപ്പിനെ പേറുന്നുവെങ്കിലും സ്വാതന്ത്ര്യദിനപ്പുലരിയില്‍ രാജ്യം കണ്ട ഏറ്റവും വലിയ ആഘോഷക്കാഴ്ച മഹാരാജാസിന്റെ മുറ്റത്തായിരുന്നു. അത് രാജാധികാരത്തിനെതിരായ വെല്ലുവിളി കൂടിയായിരുന്നു. മൂവര്‍ണങ്ങളില്‍ ജ്വലിച്ച ആ മുന്നേറ്റത്തിന്റെ പതാകയേന്തിനിന്നുവെന്നതിലാണ് അമ്പാട്ട് സുലോചന എന്ന പേര് കൊച്ചിക്ക് അവിസ്മരണീയമാകുന്നത്.
അന്ന് വിദ്യാര്‍ഥി കോണ്‍ഗ്രസിന്റെ മഹാരാജാസ് യൂണിറ്റ് സെക്രട്ടറിയായിരുന്നു സുലോചന. സ്വാതന്ത്ര്യം എന്ന സ്വപ്‌നം സത്യമായ അര്‍ധരാത്രിയില്‍ കോളേജില്‍ ദേശീയപതാക ഉയര്‍ത്താനുള്ള തീരുമാനം വിദ്യാര്‍ഥി കോണ്‍ഗ്രസും അഖില കേരള വിദ്യാര്‍ഥി ഫെഡറേഷനും ചേര്‍ന്നാണ് എടുത്തത്. പക്ഷേ, ദ്വിഭരണത്തിന്റെ കെട്ടുവിട്ടുപോകാത്ത മറ്റൊരു വിഭാഗം ദേശീയ പതാകയ്‌ക്കൊപ്പം രാജാവിന്റെ പതാക കൂടി ഉയര്‍ത്തണമെന്ന് വാദിച്ചു.
മഴയില്‍ നഗരം നനഞ്ഞുനിന്ന രാത്രിയില്‍ ദേശീയ പതാകയുമായി എത്തിയവര്‍ കണ്ടത് കൊടിമരത്തില്‍ പാറുന്ന രാജാവിന്റെ പതാകയാണ്. സംഘര്‍ഷം മര്‍ദനത്തിന്റെ പേമാരിയിലേക്ക് മാറി. ദേശീയതയുടെ ആകാശം നഷ്ടപ്പെട്ടവര്‍ അര്‍ധരാത്രിയില്‍ തന്നെ കൊച്ചിയുടെ പ്രധാനമന്ത്രി പനമ്പിള്ളി ഗോവിന്ദ മേനോന്റെ പുല്ലേപ്പടിയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.
പിറ്റേന്ന് രാവിലെ അവര്‍ വീണ്ടും കോളേജ് നടുമുറ്റത്തെത്തി. രാജാവിന്റെ പതാകയ്ക്കരികെ തന്നെ സുലോചനയുടെ കൈകളിലൂടെ ദേശീയ പതാക ഉയര്‍ന്നു. തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ രാജാവിന്റെ ആസ്ഥാനത്തേക്ക് നീങ്ങിയ ജാഥയുടെ മുന്‍നിരയിലുമുണ്ടായിരുന്നു സുലോചന. കരിക്കും സംഭാരവും പഴവും നല്‍കി കൊച്ചി തിളയ്ക്കുന്ന യുവത്വത്തെ വരവേറ്റു. ആ പ്രതിഷേധം 17പേരുടെ സസ്‌പെന്‍ഷനിലാണ് അവസാനിച്ചത്.
58 വര്‍ഷം പഴക്കമുള്ള ആ നിമിഷം സുലോചനയെ എന്നും ആവേശഭരിതയാക്കിയിരുന്നു. 'എട്ട് മൈല്‍ നടന്നാണ് അന്ന് തൃപ്പൂണിത്തുറയില്‍ എത്തിയത്. അര്‍ഥവും ലക്ഷ്യവുമുണ്ടായിരുന്നു ഞങ്ങളുടെ സമരത്തിന്' - അവര്‍ ഒരിക്കല്‍ ഓര്‍മിച്ചു.
പോലീസ് സൂപ്രണ്ടായിരുന്നു സുലോചനയുടെ അച്ഛന്‍. മകള്‍ സമരത്തിനു പോയെന്നറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എല്ലാവര്‍ക്കും തല്ലുകിട്ടുന്ന കൂടെ അവള്‍ക്കും കിട്ടും..' നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതിരുന്ന അച്ഛനും മകളും.
സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് പ്രൊഫ. ഭാഗ്യനാഥിനൊപ്പം ചെന്നൈയില്‍ നിന്നാണ് സുലോചന എത്തിയത്. അസോസിയേഷന്‍ സെക്രട്ടറിയും പ്രമുഖ പത്രപ്രവര്‍ത്തകനുമായ രവി കുറ്റിക്കാടാണ് സുലോചനയെ ക്ഷണിച്ചത്. 'ആവേശകരമായിരുന്നു അവരുടെ പ്രതികരണം. പരിപാടിക്ക് മുമ്പായി ബി.ടി.എച്ചിലിരുന്ന് അന്നത്തെ ഓരോ നിമിഷവും ഓര്‍ത്തെടുക്കുമ്പോള്‍ അവരുടെ വാക്കുകളില്‍ കാലത്തിന് കീഴടക്കാനാകാത്ത ഊര്‍ജമുണ്ടായിരുന്നു' - രവി കുറ്റിക്കാട് പറയുന്നു.
അന്ന് സുലോചന എത്തിയത് ചുവന്ന സാരിയുടുത്താണ്. ഒരു ദാവണിയുടെ ഓര്‍മ. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സിരകളില്‍ ബാക്കിനില്‍ക്കുന്ന പോരാട്ടവീര്യത്തിന്റെ ചോരച്ചുവപ്പ്.

More Citizen News - Ernakulam