കൊച്ചിയുടെ കറുത്ത മുഖം വി.പി. ശ്രീലന്
Posted on: 30 Aug 2015
ഫോര്‍ട്ടുകൊച്ചി - വൈപ്പിന്‍ ഫെറി
ഫോര്‍ട്ടുകൊച്ചി: 1872 ലാണ് ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് ഫെറി സര്‍വീസ് തുടങ്ങിയതെന്നാണ് ചരിത്രം. 1928ല്‍ യന്ത്രവത്കൃത ബോട്ടുകളെത്തി. 1972ല്‍ ബോട്ട് സര്‍വീസ് തുടങ്ങി. 1877 ഒക്ടോബര്‍ 27ന് ജങ്കാര്‍ സര്‍വീസ് തുടങ്ങി. കേരളത്തില്‍ ആദ്യമായി യന്ത്രവത്കൃത ജങ്കാര്‍ വരുന്നത് ഫോര്‍ട്ടുകൊച്ചിയിലാണ്.
യൂറോപ്യന്മാരുടെ കാലത്ത് തുടങ്ങിയ ഈ സര്‍വീസ് പക്ഷേ, കാലാനുസൃതമായി പരിഷ്കരിച്ചില്ല. 27 വര്‍ഷം മുമ്പ് നിര്‍മിച്ച ബോട്ട്, കണ്ടംവച്ച് ഇപ്പോഴും ഉപയോഗിക്കുന്നു.
14 മീറ്ററാണ് കപ്പല്‍ച്ചാലിന്റെ ആഴം. അറബിക്കടലും കൊച്ചിക്കായലും ൈകകോര്ക്കുന്ന അഴിമുഖത്ത് വെള്ളത്തിന്റെ ഒഴുക്ക് ശക്തമാണ്.
കപ്പല്‍ വരുന്ന വഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ തലങ്ങും വിലങ്ങും പായുന്നു. ഇടയ്ക്കിടെ മണ്ണുമാന്തി കപ്പലുകള്‍ വരുന്നു. ഇതിനിടയിലാണ് എല്ലാ ക്രമങ്ങളും തെറ്റി നിര്‍മിച്ച ഇന്‍ബോര്‍ഡ് വള്ളങ്ങളുടെ വരവ്. ഹാര്‍ബറിനെ ലക്ഷ്യമാക്കിയാണ് ബോട്ടുകളും വള്ളങ്ങളും വരുന്നതെങ്കില്‍, ഫെറി ബോട്ടും ജങ്കാറും അഴിമുഖത്തിന് കുറുകെയാണ് നീങ്ങുന്നത്. ഫോര്‍ട്ടുകൊച്ചി ഫെറിയില്‍ തൊട്ടടുത്തായി ഡീസല്‍ പമ്പുമുണ്ട്. ഇവിടേയ്ക്കും ധാരാളം ബോട്ടുകള്‍ എത്തുന്നു.
ചരക്ക് കപ്പലുകളുടെ ചാലിലാണ് ഈ ചെറുയാനങ്ങളുടെ ഓട്ടം. അങ്ങേയറ്റം അപകടം നിറഞ്ഞ മേഖലയാണിത്.
ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് നാല് മിനിട്ട് മാത്രമാണ് യാത്ര. ബോട്ട് പോകുന്നത് കണ്ടാല്‍ കരയില്‍ ഇരിക്കുന്നവര്‍ക്കും ഭയമാകും. ജീവന് കൈയില്‍ പിടിച്ചുള്ള യാത്രയാണിത്. ചെറിയ ബോട്ടുകള്‍ ഈ ഫെറിയില്‍ നിന്ന് ഒഴിവാക്കേണ്ട കാലം കഴിഞ്ഞു.
കെ ാച്ചി മാറുന്നതനുസരിച്ച് ഈ ഫെറി സര്‍വീസിന് മാറ്റുമുണ്ടാകുന്നില്ല. നഗരത്തിന്റെ മുഖം ദിനംപ്രതി മാറുകയാണ്. പക്ഷേ, ആധുനിക കൊച്ചിക്ക് ചേരുന്ന ഫെറി സര്‍വീസ് ഉണ്ടാകുന്നില്ല. പ്രാകൃതമായ സംവിധാനം ഉപയോഗിച്ചുള്ള ഈ ഞാണിന്മേല് കളി പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് നേരത്തെ തന്നെ അഭിപ്രായമുയര്ന്നിട്ടുള്ളതാണ്.
കൊച്ചി നഗരഭരണം കൈയാളിയിരുന്നവരൊക്കെ, ഫെറിക്ക് നേരെ കണ്ണടച്ചു. ഈ ഫെറി ഇതേപോലെ തുടരണമെന്ന് വാശിയുള്ളതുപോലെയാണ് കാര്യങ്ങള്‍.
20 വര്‍ഷമായി ഒരേ കരാറുകാരാണ് ഫെറി സര്‍വീസ് നടത്തുന്നത്. അപകടമുണ്ടായപ്പോള്‍, രാഷ്ട്രീയക്കാര്‍ പരസ്പരം കുറ്റപ്പെടുത്തുന്നുണ്ട്. പക്ഷേ, 1995ല്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇപ്പോഴും തുടരുന്നു. ഇടയ്ക്കിടെ കരാറുകള്‍ പുതുക്കും. ചിലപ്പോള്‍ അതുമുണ്ടാവില്ല.
കൊച്ചി നഗരസഭയുടെ ഭരണക്കാര്‍ മാത്രമല്ല പ്രതിസ്ഥാനത്ത്. ഇപ്പോള്‍ പ്രതിപക്ഷത്തിരുന്നവര്‍ ഭരണം നടത്തിയ കാലത്തും ഫോര്‍ട്ടുകൊച്ചി ഫെറിയില്‍ ഇതൊക്കെത്തന്നെയാണ് നടന്നിരുന്നത്.
ഫെറി കരാറുകാര്‍ക്ക് വേണ്ടി സംസാരിക്കുവാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും നേതാക്കളുണ്ട്. പ്രാകൃതമായ ഈ സര്‍വീസ് മാറ്റി ആധുനിക രീതിയില്‍ സര്‍വീസ് വേണമെന്ന് ആവശ്യപ്പെടാന്‍ അധികം പേരില്ല. റോ-റോ സര്‍വീസ് കുറെക്കാലം പ്രഖ്യാപനങ്ങളിലൊതുങ്ങി. ഇപ്പോള്‍ റോ-റോ ജങ്കാറിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ടത്രെ. ബോട്ടുകളുടെ കാലം കഴിഞ്ഞു. പ്രത്യേകിച്ച് അപകടം മുന്നിലുള്ള ഈ ഫെറിയില്‍ ഇനി വേണ്ടത് റോ-റോ കള്‍ തന്നെയാണ്.
റോ-റോകള്‍ ഉണ്ടായാല്‍ മാത്രം പോര. അത് പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ തന്നെ പുതിയ സംവിധാനമുണ്ടാകണം.
ഫെറി സര്‍വീസിന്റെ സ്വകാര്യവത്കരണം, ഒരു നേട്ടവുമുണ്ടാക്കിയില്ല. കുറ്റമറ്റ രീതിയില്‍ നിര്‍മിച്ച ഒരു ബോട്ടോ, ജങ്കാറോ ഈ ഫെറിയില്‍ എത്തിയില്ല. അപകടം നിറഞ്ഞ യാത്രയ്ക്ക് പരിഹാരമുണ്ടായില്ല. രാഷ്ട്രീയക്കാരും കരാറുകാരും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ കൈയില്‍ കൊച്ചിയുടെ പ്രധാന ഫെറി സര്‍വീസ് ചെന്ന്പെട്ടതുമാത്രം മിച്ചം.