പെണ്‍കുട്ടിക്ക് ചികിത്സാ സഹായവുമായി വിദ്യാര്‍ത്ഥികള്‍

Posted on: 30 Aug 2015ആലുവ: ടിബി മെനിെഞ്ചെറ്റിസ് ബാധിച്ച വിദ്യാര്‍ത്ഥിനിക്ക് ചികിത്സാ സഹായം നല്‍കി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍. വാഴക്കാല നടയ്ക്കല്‍ വീട്ടില്‍ അബ്ദുല്‍ റഷീദിന്റെ മകളായ ഹാദിയ (17) യ്ക്കാണ് കെ.എം.ഇ.എ. എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ചികിത്സാ സഹായം നല്‍കിയത്.
കോളേജിലെ വിദ്യാര്‍ത്ഥിനിയായ അഫാന്റെ സഹോദരിയാണ് ഇടപ്പള്ളി അല്‍ അമീന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായ ഹാദിയ. അഫാന്‍ മുഖേനയാണ് ഹാദിയയുടെ വിവരങ്ങള്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞത്.
മൂന്ന് വര്‍ഷം മുമ്പാണ് രോഗത്തിന്റെ പ്രാരംഭ അവസ്ഥ ഹാദിയയെ പിടികൂടിയത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നെങ്കിലും യഥാര്‍ഥ രോഗനിര്‍ണയം സാധ്യമായില്ല. നാലാഴ്ച മുമ്പ്് പൂര്‍ണമായും ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായി.
സഹോദരിയുടെ വിവരം അഫാന്‍ കോളജിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിനെ അറിയിച്ചു. അദ്ധ്യാപകരായ യു. സാബിത്ത്, എന്‍.എ. അഭിജിത്ത്, എന്‍.ബി. മുഹമ്മദ് എന്നിവര്‍ ഹാദിയ ചികിത്സയിലായിരുന്ന ആസ്റ്റര്‍ മെഡ്‌സിറ്റി സന്ദര്‍ശിക്കുകയും സഹായം നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.
വെല്ലൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുന്നോട്ടുവെച്ച പ്രതീക്ഷ ഹാദിയയുടെ പിതാവും ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാരും കെ.എം.ഇ.എ. സംഘവുമായി പങ്കുവെച്ചു. എന്നാല്‍ ഇതിനു ഭീമമായ തുക വേണ്ടിവരുമെന്ന് മനസ്സിലാക്കിയതോടെ, ഹാദിയയെ സഹായിക്കാനായി വിദ്യാര്‍ത്ഥികള്‍ തയ്യാറാവുകയായിരുന്നു.
കെ.എം.ഇ.എ. ഡയറക്ടര്‍ ഡോ. ടി.എം. അമര്‍ നിഷാദിന്റെ നിര്‍ദേശപ്രകാരം കോേളജിലെ എന്‍.എസ്.എസ്. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഓണാഘോഷത്തിന്റെ തിരക്കുകള്‍ക്കിടയിലും ഒറ്റ ദിവസം കൊണ്ട് ഒന്നേകാല്‍ ലക്ഷം രൂപ സ്വരൂപിച്ചു. ഇതോടൊപ്പം വിവിധ കോണുകളില്‍ നിന്നുള്ള സഹായങ്ങളും ലഭിച്ചപ്പോഴാണ് ഹാദിയയുടെ വെല്ലൂര്‍ യാത്ര സഫലമായത്. വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുക മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഹാദിയയുടെ പിതാവിന് കൈമാറി.

More Citizen News - Ernakulam