1977നു മുമ്പ് കൈവശമുള്ള ഭൂമിക്ക് പട്ടയം നല്‍കണമെന്ന് സിറോ മലബാര്‍ സഭ

Posted on: 30 Aug 2015കൊച്ചി: 1977 ജനവരി ഒന്നിനു മുമ്പ് കൃഷിചെയ്ത് കൈവശം വച്ചിരിക്കുന്നതും ജീവനോപാധിയായി നിലനില്‍ക്കുന്നതും സര്‍ക്കാരുകള്‍ അംഗീകരിച്ചതുമായ നാല് ഏക്കര്‍ വരെയുള്ള കൃഷിഭൂമിക്ക് ഉപാധിരഹിത പട്ടയവിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് സിറോ മലബാര്‍ സഭ സിനഡ് ആവശ്യപ്പെട്ടു. ലഭിച്ച പട്ടയങ്ങളിലെ ന്യൂനതകള്‍ പരിഹരിച്ച് വ്യവസ്ഥാപിതമായ രീതിയില്‍ പട്ടയം ഉപയോഗിക്കാന്‍ സാഹചര്യമൊരുക്കണം. പതിറ്റാണ്ടുകളായി കര്‍ഷകര്‍ കൈവശം വച്ചിരിക്കുന്നതും നിയമാനുസൃതമായ രേഖകള്‍ ഉള്ളതുമായ ഭൂമിയുടെ നികുതി സ്വീകരിക്കാത്ത നിലപാടില്‍ നിന്ന് അധികൃതര്‍ പിന്‍മാറണം.
ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുകയും ഭൂമിക്ക് പട്ടയം നല്‍കുകയും വേണം. തീരസംരക്ഷണത്തിന് കേരളത്തിലെ മുനിസിപ്പല്‍ നഗരങ്ങളില്‍ കൊടുത്തിരിക്കുന്ന ഇളവ് പഞ്ചായത്ത് പ്രദേശങ്ങളിലും നല്‍കി ഗ്രാമവാസികള്‍ക്കു താമസസൗകര്യത്തിനുള്ള ബുദ്ധിമുട്ട് പരിഹരിക്കണം.
ഇ.എഫ്.എല്‍. നിയമത്തിലൂടെ ഏറ്റെടുത്ത കൃഷിഭൂമികള്‍ തിരിച്ചുനല്‍കണം. കര്‍ഷകന്റെ ഭൂമി പിടിച്ചെടുക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ കൊണ്ടുവരുന്ന നിയമങ്ങളും പദ്ധതികളും കര്‍ഷകരുടെ അവകാശങ്ങള്‍ ഹനിക്കുന്നതാവരുതെന്നും സിനഡ് ആവശ്യപ്പെട്ടു.

More Citizen News - Ernakulam