സൈക്കിള്‍ കള്ളന്‍മാര്‍ വിലസുന്നു, ഒരു വര്‍ഷത്തിനിടെ മോഷ്ടിച്ചത് നൂറിലേറെ സൈക്കിളുകള്‍

Posted on: 30 Aug 2015വരാപ്പുഴ: കൂനമ്മാവിലും പരിസര പ്രദേശങ്ങളിലും സൈക്കിള്‍ മോഷ്ടാക്കള്‍ വിലസുന്നു. ഒരു വര്‍ഷത്തിനിടെ നൂറിലേറെ സൈക്കിളുകളാണ് ഇവിടെ മോഷണം പോയിട്ടുള്ളത്. മോഷ്ടിക്കപ്പെട്ട സൈക്കിളുകളില്‍ ചിലത് അന്യദേശ തൊഴിലാളികളില്‍ നിന്ന് പോലീസ് കണ്ടെടുത്തുവെങ്കിലും യാഥാര്‍ത്ഥ പ്രതികള്‍ അവരല്ലെന്നാണ് പോലീസ് പറയുന്നത്.
നാട്ടുകാരായ കള്ളന്‍മാര്‍ സൈക്കിള്‍ മോഷ്ടിച്ച് അന്യദേശ തൊഴിലാളികള്‍ക്ക് വില്‍ക്കുന്നതായാണ് പോലീസിന് കിട്ടിയ വിവരം. തൊഴിലാളി ക്യാമ്പുകളില്‍ പരിചയം നടിച്ച് എത്തുന്ന കള്ളന്‍മാര്‍ പകുതി വിലയ്ക്ക് സൈക്കിള്‍ വില്‍ക്കുകയാണ് പതിവ്. ഇത് പോലീസിന്റെ വലയില്‍ പെടാതിരിക്കാനുള്ള കുറുക്കുവഴിയായിട്ടാണ് കരുതുന്നത്. സൈക്കിള്‍ കണ്ടുകിട്ടിയാലും മറ്റ് വിവരങ്ങള്‍ ഒന്നും അറിയാത്തതിനാല്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാനാകുന്നില്ല. ഇത് മോഷണം പെരുകുന്നതിനും ഇടയാക്കി.
പാര്‍ക്കിങ് ഏരിയകളിലും വീടിന്റെ വരാന്തയിലുമൊക്കയിരിക്കുന്ന സൈക്കിള്‍ പൂട്ട് പൊളിച്ചാണ് കള്ളന്‍മാര്‍ കൊണ്ടുപോകുന്നത്. ഒരാഴ്ചയ്ക്കിടെ കൂനമ്മാവില്‍ നിന്ന് മൂന്ന് സൈക്കിളുകളാണ് മോഷ്ടിക്കപ്പെട്ടത്. കൂനമ്മാവ് എടയ്ക്കാതോട് പാലത്തിനു സമീപമുള്ള കാരയ്ക്കല്‍ ഷിജു ആന്റണിയുടെ സൈക്കിളാണ് ഒടുവിലായി മോഷണം പോയത്.

More Citizen News - Ernakulam