ജില്ലാ മിനി വോളി: എസ്.എന്‍.വി. സ്കൂളും ഭഗവതിവിലാസം സ്കൂളും ജേതാക്കള്‍
Posted on: 28 Aug 2015
പറവൂര്‍: ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നന്ത്യാട്ടുകുന്നം എസ്.എന്‍.വി. സംസ്കൃത ഹയര്‍ സെക്കന്‍ഡറി സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നായരമ്പലം ഭഗവതി വിലാസം ഹൈസ്കൂളും ജേതാക്കളായി. ജില്ലാ വോളിബോള്‍ അസോസിയേഷന്റെയും മൂത്തകുന്നം വോളി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് മത്സരം നടത്തിയത്.
മൂത്തകുന്നം ടെമ്പിള്‍ ഗ്രൗണ്ടിലാണ് 17-ാമത് ജില്ലാ മിനി വോളി അരങ്ങേറിയത്. രണ്ട് വിഭാഗത്തിലായി 32 ടീമുകള്‍ പങ്കെടുത്തു. ആണ്‍കുട്ടികളുടെ മത്സരത്തില്‍ മൂത്തകുന്നം എസ്.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ പരാജയപ്പെടുത്തിയാണ് എസ്.എന്‍.വി സ്കൂള്‍ ജേതാക്കളായത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കരിമ്പാടം ഡിഡി സഭ ഹൈസ്കൂളിനെ പരായപ്പെടുത്തിയാണ് നായരമ്പലം ഭഗവതി വിലാസം സ്കൂള്‍ ജേതാക്കളായത്.
വിജയികള്‍ക്ക് സംഘാടക സമിതി ചെയര്മാന് എന്‍.കെ. വിനോബ ട്രോഫികള്‍ വിതരണം ചെയ്തു. ജില്ലാ വോളിബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ.പി. തോമസ്, സെക്രട്ടറി ടി.ആര്. ബിന്നി, വി.എം. മൊയ്തീന് നൈന, വി.എ. അബ്ദുള്‍ മജീദ്, പി.ആര്. രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.