ബോട്ടപകടം: ഫോര്‍ട്ട് വൈപ്പിനില്‍ ഹര്‍ത്താല്‍ നടത്തി

Posted on: 28 Aug 2015* ജങ്കാര്‍ സര്‍വീസ് നടത്താന്‍ അനുവദിച്ചില്ല

വൈപ്പിന്‍:
ഫോര്‍ട്ടുകൊച്ചിയിലുണ്ടായ ബോട്ട് അപകടത്തില്‍ ദുഃഖമാചരിച്ച് ഫോര്‍ട്ട് വൈപ്പിനില്‍ കടകളടച്ച് ഹര്‍ത്താല്‍ നടത്തി. വ്യാഴാഴ്ച രാവിലെ ജങ്കാര്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് മൂലം സര്‍വീസ് നടത്തിയില്ല. ജങ്കാര്‍ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തിയ ശേഷം മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. ജങ്കാര്‍ - ബോട്ട് സര്‍വീസുകള്‍ ഇല്ലാതായതോടെ വൈപ്പിന്‍ - ഫോര്‍ട്ടുകൊച്ചി വഴിയുള്ള യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി.
അതേസമയം, അപകടത്തിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും മത്സ്യബന്ധന യാനത്തിന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമത്തിലും എതിര്‍പ്പ് ഉയരുന്നുണ്ട്. ഫോര്‍ട്ടുകൊച്ചി അഴിമുഖത്ത് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടുകളും വള്ളങ്ങളും ഉരുക്കില്‍ തീര്‍ത്തതാണ്. 35 വര്‍ഷത്തിലേറെ പഴക്കമുള്ള ജീര്‍ണ്ണാവസ്ഥയിലായ മരത്തില്‍ തീര്‍ത്ത ബോട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് നിരവധി പരാതി ഉയര്‍ന്നിട്ടുള്ളതാണ്. യാതൊരുവിധ പരിശോധനയും കൂടാതെ ഈ ബോട്ടുകള്‍ക്ക് കൊച്ചി തുറമുഖ ട്രസ്റ്റ് യാത്രാനുമതി നല്‍കുന്നത് അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്.

More Citizen News - Ernakulam