വീട്ടമ്മമാരുടെ ഓണവും ഇക്കുറി സമരപ്പന്തലില്‍ തന്നെ

Posted on: 28 Aug 2015കോണ്‍വെന്റ് കടവിലെ സമരം 300 ദിനങ്ങള്‍ പിന്നിടുന്നു:


ചെറായി:
പള്ളിപ്പുറം കോണ്‍വെന്റ് കടവില്‍ പാലം വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ പത്തുമാസക്കാലമായി കോണ്‍വെന്റ് കടപ്പുറത്ത് അനിശ്ചിതകാല സത്യാഗ്രഹം നടത്തി വരുന്ന തീരദേശത്തെ വീട്ടമ്മമാരുടെ ഓണവും ഇക്കുറി സമരപ്പന്തലില്‍ തന്നെ.
ഭരണാധികാരികളോടുള്ള രൂക്ഷമായ പ്രതിഷേധം പുറംലോകത്തെ അറിയിക്കാനായി റംസാനും ഈസ്റ്ററും വിഷുവും ക്രിസ്മസുമെല്ലാം വീട്ടമ്മമാര്‍ സമരപ്പന്തലിലാണ് കഴിച്ചുകൂട്ടിയത്. സമരം 300 ദിവസം പിന്നിടുമ്പോഴും പാലത്തിനായി എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ടെന്നും ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആകുമെന്നുമൊക്കെയാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. പാലം നിര്‍മാണം ആരംഭിച്ചശേഷം മാത്രമേ സമരം അവസാനിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നാണ് സമര സമിതി കണ്‍വീനറായ ഡെയ്‌സി ജോണ്‍സണ്‍ പറയുന്നത്.
പാലത്തിനായി നബര്‍ഡ് 16.9 കോടിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് സാങ്കേതികാനുമതിയും ഭരണാനുമതിയും നല്‍കിക്കഴിഞ്ഞുവെന്നാണ് പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിവരം. ഉടന്‍ ടെന്‍ഡര്‍ നടപടികളാകുമെന്ന് വകുപ്പ് മന്ത്രിയുടെ പാര്‍ട്ടിക്കാരും പറയുന്നു. എന്നാല്‍ ഇത് പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായിട്ടും പാലം പണി ഇതു വരെ തുടങ്ങാത്തതില്‍ സത്യാഗ്രഹികളായ വീട്ടമ്മമാര്‍ക്ക് സംശയമുണ്ട്. ഇതിനിടെ ഇവിടെ പാലം വരാതിരിക്കാനായി ചില ഗൂഢനീക്കങ്ങള്‍ നടക്കുന്നതായും സൂചനകളുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് സമരം തുടങ്ങിയ തീരദേശവാസികള്‍ ആസന്നമായ പഞ്ചായത്ത് തിരഞ്ഞെടുപ്പും ബഹിഷ്‌കരിക്കാനുള്ള ആലോചനയിലാണ്. അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇവിടെ പാലം വേണമെന്ന ജനങ്ങളുടെ ആവശ്യം ഒരു സര്‍ക്കാരും ചെവികൊടുക്കാതെ തീരദേശവാസികളെ കബളിപ്പിച്ചുവരികയായിരുന്നു. എന്നാല്‍ ഇതിനെതിരെ കടുത്ത സമരങ്ങള്‍ നടത്താന്‍ ആരും മുന്നോട്ട് വന്നില്ല. ഇതേ തുടര്‍ന്ന് ഈ ഭാഗത്തെ 500ല്‍ പരം വീട്ടമ്മമാര്‍ സംഘടിച്ചാണ് സമരസമിതിക്ക് രൂപം നല്‍കിയതും കഴുത്തറ്റം കായലില്‍ നീന്തിക്കൊണ്ടുള്ള സഹന സമരത്തോടെ പ്രക്ഷോഭം ആരംഭിച്ചതും.

More Citizen News - Ernakulam