നടുറോഡില്‍ വടംവലിച്ച് ടി.വി. ചാനല്‍; ജനം വലഞ്ഞു

Posted on: 28 Aug 2015തൃപ്പൂണിത്തുറ: ഓണാഘോഷത്തിന്റെ ഏറ്റവും ജനത്തിരക്കേറിയ ഉത്രാടനാളില്‍ തൃപ്പൂണിത്തുറ സ്റ്റാച്യു കവലയില്‍ നടുറോഡില്‍ ചെണ്ടമേളം, വടംവലി, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ അവതരിപ്പിച്ചുകൊണ്ടുള്ള സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ ഉത്രാടപ്പാച്ചില്‍ സ്വാഭാവികമായ ഉത്രാടപ്പാച്ചിലിന്റെ നിറംകെടുത്തി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിന് ചാനലുകാര്‍ക്കെതിരെ പോലീസ്‌ േകസെടുത്തു.
വ്യാഴാഴ്ച രാവിലെ മുതല്‍ മണിക്കൂറുകളോളം സ്റ്റാച്യു കവലയില്‍ കൂത്തമ്പലത്തിന് മുന്‍വശം റോഡില്‍ പൂര്‍ണമായും വാഹനഗതാഗതം സ്തംഭിച്ചു. ഒട്ടേറെ സെക്യൂരിറ്റി ജീവനക്കാര്‍ കൈകോര്‍ത്തുപിടിച്ച് റോഡില്‍ നിന്നതിനാല്‍ കാല്‍നടക്കാര്‍ക്കുപോലും പോകാന്‍ വിഷമിക്കേണ്ടിവന്നു. നെറ്റിപ്പട്ടം കെട്ടിയ ആനയെ നടുറോഡില്‍ നിര്‍ത്തിയശേഷം അതിന് മുന്നിലായിരുന്നു വടംവലിയും വാദ്യഘോഷവും നാടന്‍കലാരൂപങ്ങളുമൊക്കെ അവതരിപ്പിച്ചുകൊണ്ടുള്ള തത്സമയ സംപ്രേഷണം നടന്നത്. ഉത്രാടനാളിലെ കച്ചവടം ലക്ഷ്യമിട്ട് റോഡരികില്‍ ഓണത്തപ്പനും പൂവും തുമ്പക്കുടവും വാഴയിലയുമൊക്കെയായി എത്തിയവര്‍ തിരക്കില്‍പ്പെട്ടു. കച്ചവടം ചെയ്യാനാകാതെ അവര്‍ നിരാശരായി. കവലയില്‍ ടൂറിസ്റ്റ് ടാക്‌സിക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. നിരന്തരം വാഹനങ്ങളും ജനങ്ങളും പൊയ്‌ക്കൊണ്ടിരിക്കുന്ന റോഡിലാണ് പോലീസ് നോക്കിനില്‍ക്കെ തന്നെ റോഡ് അടച്ചുകെട്ടിയപോലെയാക്കി നടുറോഡില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത്. ഇവിടത്തെ മാര്‍ഗതടസ്സം നഗരത്തില്‍ മറ്റ് ഭാഗങ്ങളിലും ഗതാഗതതടസ്സത്തിന് കാരണമായി. ഇത് ജനങ്ങളെ ഏറെ വിഷമിപ്പിച്ചു. ചാനലിന്റെ പ്രോഗ്രാം അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് തൃപ്പൂണിത്തുറ എസ്.ഐ. ശിവകുമാര്‍ പറഞ്ഞു. റോഡില്‍ ഗതാഗതതടസ്സം ഉണ്ടാക്കിക്കൊണ്ട് പരിപാടി അവതരിപ്പിക്കാന്‍ പാടില്ല എന്ന് കാണിച്ച് ചാനല്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതാണെന്ന് തൃപ്പൂണിത്തുറ ട്രാഫിക് സി.ഐ. പി.എച്ച്. ഇബ്രാഹിം പറഞ്ഞു.

More Citizen News - Ernakulam