തുമ്പച്ചെടിയും വില്പനയ്ക്ക്
Posted on: 28 Aug 2015
കാലടി: അടുത്ത കാലത്തു വരെ മലയാളികളുടെ പറമ്പുകളില്‍ നിറഞ്ഞുനിന്ന തുമ്പച്ചെടിയും വില്പനയ്ക്ക്. പണ്ട് തൊടികളില്‍ നിന്ന് പറിച്ചാണ് തിരുവോണനാളില്‍ 'തുമ്പ' പൂക്കളത്തിലിട്ടിരുന്നത്. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും തുമ്പ കാണാനില്ലാതായി. പറമ്പുകളില്‍ ഫ്ലറ്റുകളും വീടുകളും ഉയര്‍ന്നതോടെ തുമ്പച്ചെടികള്‍ അപ്രത്യക്ഷമായി.
ഒരുകെട്ട് തുമ്പയ്ക്ക് ഇരുപത് മുതല്‍ നാല്പത് രൂപ വരെയായിരുന്നു കാലടിയില്‍ വില. ലോട്ടറി വില്പനക്കാരനായ കൃഷ്ണന്‍കുട്ടിയാണ് തന്റെ ഉന്തുവണ്ടിയില്‍ തുമ്പച്ചെടിയുമായി എത്തിയത്. ഞൊടിയിടയില്‍ വില്പന നടന്നു.
തുമ്പ കിട്ടാനില്ലാത്തതിനാല്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു. സംസ്കൃത സര്‍വകലാശാലയുടെ പിറകുവശത്ത് കാടുപിടിച്ചു കിടക്കുന്ന പ്രദേശത്ത് തുമ്പ വളര്‍ന്നുനിന്നിരുന്നു. ഇത് പറിക്കാന്‍ വ്യാഴാഴ്ച രാവിലെ മുതല്‍ തിരക്കായിരുന്നു.