സ്മാര്‍ട്ട് സിറ്റി: മൂന്ന് മാസത്തിനുള്ളില്‍ നഗരസഭ പദ്ധതികള്‍ സമര്‍പ്പിക്കും

Posted on: 28 Aug 2015കൊച്ചി: 'സ്മാര്‍ട്ട് സിറ്റി പദ്ധതി'ക്കായി മൂന്ന് മാസത്തിനകം കൊച്ചി നഗരസഭ വിശദപദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കണ്‍സള്‍ട്ടന്റായ ഐ.സി.ആര്‍.എ. യോട് പദ്ധതിരേഖ ഉടനെ തയ്യാറാക്കാന്‍ നിര്‍ദേശിക്കുമെന്ന് മേയര്‍ ടോണി ചമ്മണി 'മാതൃഭൂമി' യോട് പറഞ്ഞു.
എല്ലാ മേഖലയിലും ആധുനികീകരണം നടപ്പാക്കുന്ന പദ്ധതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഫണ്ടിനൊപ്പം സ്വകാര്യ പങ്കാളിത്തത്തിനും പ്രാധാന്യം കല്പിക്കുന്നുണ്ട്. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാനിറ്റേഷന്‍, ഖരമാലിന്യ സംസ്‌കരണം, സ്വീവേജ് ട്രീറ്റ്‌മെന്റ് തുടങ്ങി നിരവധി മേഖലയില്‍ ആധുനികീകരണം നടപ്പാക്കുന്നതിന് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടതു മൂലം സാധിക്കും.
സപ്തംബര്‍ ആദ്യ ആഴ്ചതന്നെ കണ്‍സള്‍ട്ടന്റ് കമ്പനിയോട് പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ആവശ്യപ്പെടുമെന്ന് മേയര്‍ പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയിലും ജനറം പദ്ധതിക്ക് സമാനമായി, സ്ഥലം ഏറ്റെടുക്കുന്നതിന് പണം അനുവദിക്കില്ല. കേന്ദ്ര ഫണ്ടിന് തത്തുല്യമായി ഗുണഭോക്തൃ വിഹിതമായി സംസ്ഥാന സര്‍ക്കാറും നഗരസഭയും പണം കണ്ടെത്തേണ്ടി വരും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹായം തേടും.
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ പൊതു സ്വകാര്യ പങ്കാളിത്തം അനുവിദിച്ചിട്ടുള്ളതിനാല്‍ പണം കണ്ടെത്താന്‍ എളുപ്പമായിരിക്കും. സ്വകാര്യ പങ്കാളിത്തത്തോടെ സ്വീവേജ് പദ്ധതികളും മറ്റും നഗരത്തില്‍ വേഗം നടപ്പാക്കാനാവും.

More Citizen News - Ernakulam