സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് 24 കോടി ചെലവിട്ടു -മന്ത്രി ഇബ്രാഹിംകുഞ്ഞ്‌

Posted on: 28 Aug 2015കളമശ്ശേരി: നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി 'ഉണര്‍വ്' പദ്ധതിയിലൂടെ 24 കോടി ചെലവഴിച്ചുവെന്ന് മന്ത്രി ഇബ്രാഹിംകുഞ്ഞ് കളമശ്ശേരിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിയോജകമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി മന്ത്രി നടപ്പാക്കിവരുന്ന വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായുള്ള 'ഉണര്‍വ് ടാലന്റ് മീറ്റ്-2015' സപ്തംബര്‍ ഒന്നിന് നടത്തും. കുസാറ്റ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന ടാലന്റ് മീറ്റില്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയ 400 ഓളം വിദ്യാര്‍ത്ഥികളെ അനുമോദിക്കും.
കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ നടപ്പാക്കിയിട്ടുള്ള ഉണര്‍വ് സമഗ്ര വിദ്യാഭ്യാസ പദ്ധതി ദേശീയതലത്തില്‍ വരെ ശ്രദ്ധ നേടിയിട്ടുണ്ട്.
എല്‍.കെ.ജി. മുതല്‍ 10-ാം ക്ലൂസ് വരെയുള്ള കുട്ടികളാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. മാതാവോ പിതാവോ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനച്ചെലവ് നല്‍കുന്ന 'സ്‌നേഹപൂര്‍വം' പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് നല്‍കി. മണ്ഡലത്തിലെ 14,000 ത്തോളം കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ ഉച്ചയൂണ് നല്‍കുന്ന അക്ഷയ പദ്ധതിയും നല്ല നിലയില്‍ നടക്കുന്നുണ്ട്.
ഗൃഹാന്തരീക്ഷത്തോടെ സ്‌കൂളില്‍ ഉച്ചഭക്ഷണം പാചകം ചെയ്ത് കുട്ടികള്‍ക്ക് നല്‍കുന്ന പദ്ധതി മാതൃകാ പദ്ധതിയായി മാറി. എന്‍ട്രന്‍സ് പരിശീനത്തിന് താത്പര്യമുള്ള നിയോജകമണ്ഡലത്തിലെ കുട്ടികള്‍ക്ക് സൗജന്യ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു.
കുസാറ്റ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ചടങ്ങില്‍ കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ അധ്യക്ഷനാകും. മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. ബഹിരാകാശ ശാസ്ത്രജ്ഞ ഡോ. ടെസ്സി തോമസ് മുഖ്യാതിഥിയാകും.

More Citizen News - Ernakulam