എളംബ്ലാശ്ശേരി കുടിയിലെ പ്രശ്‌നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തും -ധന്യ രാമന്‍

Posted on: 28 Aug 2015കോതമംഗലം: കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ വിവിധ കമ്പനികളില്‍ നിന്ന് ശേഖരിച്ച 2,200 കിലോഗ്രാം അരി കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശ്ശേരി ആദിവാസി കുടിയില്‍ വിതരണം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി കുടിയിലെ 188 കുടുംബങ്ങള്‍ക്കാണ് അരി വിതരണം നടത്തിയത്. ആദിവാസി ക്ഷേമ പ്രവര്‍ത്തക തിരുവനന്തപുരം സ്വദേശി ധന്യ രാമന്‍ വിതരണോദ്ഘാടനം നടത്തി.
പഞ്ചായത്തംഗം സുലോചന ചന്ദ്രന്‍ അധ്യക്ഷയായി. ഊരിലെ കാണിക്കാരന്‍ രാജപ്പന്‍ മാത്തി, എസ്.ടി. െപ്രാമോട്ടര്‍മാരായ പി.ജി. അജിത, ബിന്ദു രാജേന്ദ്രന്‍, ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരായ അനില്‍ മുണ്ടാട്ട്, മെജോ, ഹാന്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കുടിയിലെ വിവിധ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നൂറോളം പേര്‍ ധന്യ രാമന് പരാതി നല്‍കി. കുടിയിലേക്ക് റോഡില്ലാത്തതും വീടും കക്കൂസും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും നേരിട്ട് ബോദ്ധ്യപ്പെട്ട് ഇക്കാര്യം പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കാമെന്ന് അവര ഉറപ്പു നല്‍കി.
ഡയറക്ടറെ, അടുത്തമാസം കുടി സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് ബോദ്ധ്യപ്പെടാന്‍ എത്തിക്കുമെന്നും അവര്‍ 'മാതൃഭൂമി' യോട് പറഞ്ഞു. കുടിയിലെ മദ്യ-മയക്കുമരുന്ന് ഉപയോഗവും ആദിവാസികളുടെ ഭൂമി കൈവശപ്പെടുത്തി സാമ്പത്തിക ചൂഷണം നടത്തുന്നവരെയും കണ്ടെത്തി നിയമ നടപടിക്ക് പോലീസില്‍ പരാതി നല്‍കുമെന്നും ധന്യ അറിയിച്ചു. പന്തപ്ര കുടിയും അവര്‍ സന്ദര്‍ശിച്ചു.

More Citizen News - Ernakulam