ജനവാസ മേഖലയില്‍ മാലിന്യം തള്ളിയ മൂന്നംഗ സംഘം പിടിയില്‍

Posted on: 28 Aug 2015പിറവം: അഞ്ചല്‍പ്പെട്ടി കവലയ്ക്ക് സമീപം പുതുശ്ശേരിപ്പടിയില്‍ റോഡരികില്‍ മാലിന്യം തള്ളിയ മൂന്നംഗ സംഘം പോലീസിന്റെ പിടിയിലായി. എറണാകുളം കുമ്പളങ്ങി തട്ടാശ്ശേരില്‍ എബിന്‍ ആന്‍ഡ്രു (88), കളിപ്പറമ്പില്‍ ബിജിന്‍ (22), ചേന്നാപ്പിള്ളിച്ചിറയില്‍ അബിന്‍കുമാര്‍ (26) എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച രാത്രി ഒന്നര മണിയോടെയാണ് പുതുശ്ശേരിപ്പടിയില്‍ ടാങ്കര്‍ വണ്ടിയില്‍ നിന്ന് ഇവര്‍ കക്കൂസ് മാലിന്യം റോഡരികില്‍ തള്ളിയത്.
വിവരമറിഞ്ഞ ഏതാനും സ്ഥലവാസികള്‍ ഓടിക്കൂടിയപ്പോഴേക്കും ഇവര്‍ വണ്ടിയുമായി കടന്നുകളഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
രാത്രികാല പട്രോളിങ്ങിനിടയില്‍ പിറവം എസ്.ഐ കെ. ബ്രിജ്കുമാറും സംഘവും ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പിറവം അടക്കമുള്ള കിഴക്കന്‍ മേഖലകളില്‍ കക്കൂസ് മാലിന്യങ്ങള്‍ തള്ളല്‍ പതിവായിരിക്കുന്നു. പിറവം പാഴൂരില്‍ ഒരിടത്തുതന്നെ പലപ്രാവശ്യം മാലിന്യം തള്ളി. ഓണക്കൂറിലും പിറവത്തുമെല്ലാം സംഭവം പലവട്ടം ആവര്‍ത്തിച്ചു.
എന്നാല്‍ രാത്രിയുടെ മറവിലായതിനാല്‍ ഒന്നിനും തുമ്പുണ്ടായില്ല. കക്കൂസ് മാലിന്യം മൂലം ജനങ്ങള്‍ പൊറുതിമുട്ടി കഴിയുന്നതിനിടെയാണ് അഞ്ചല്‍പ്പെട്ടി പുതുശ്ശേരിപ്പടിയില്‍ മാലിന്യം തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

More Citizen News - Ernakulam