കാഴ്ചക്കുലകള്‍ നിറഞ്ഞു; ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ തിരുവോണ സദ്യ ഇന്ന്‌

Posted on: 28 Aug 2015ചോറ്റാനിക്കര: ഉത്രാട നാളില്‍ ചോറ്റാനിക്കര ദേവീ സന്നിധിയില്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിക്കാന്‍ ഭക്തജനത്തിരക്കേറി. വ്യാഴാഴ്ച രാവിലെ പന്തീരടി പൂജയ്ക്കുശേഷം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സ്വര്‍ണക്കൊടിമരച്ചുവട്ടില്‍ അരിമാവുകൊണ്ടണിഞ്ഞ തൂശനിലയില്‍ മേല്‍ശാന്തി വെങ്കിട്ടന്‍ എമ്പ്രാന്തിരിയാണ് ദേവിക്ക് ആദ്യ കാഴ്ചക്കുല സമര്‍പ്പിച്ചത്. തുടര്‍ന്ന് കൊച്ചിന്‍ ദേവസ്വം പ്രസിഡന്റ് എം.പി. ഭാസ്‌കരന്‍ നായര്‍, സ്‌പെഷല്‍ ദേവസ്വം കമ്മീഷണര്‍ കെ.കെ. ഹരിദാസ്, ദേവസ്വം അസി. കമ്മീഷണര്‍ വി.ആര്‍. രമാദേവി, ദേവസ്വം മാനേജര്‍ കെ. ബിജുകുമാര്‍ തുടങ്ങിയവരും ഉത്രാട കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു.
ഇതില്‍ കുറേ ഭാഗം തിരുവോണ ദിനത്തില്‍ പഴംനുറുക്കായി ദേവിക്ക് നിവേദിക്കും. ബാക്കി സദ്യക്ക് പഴംപ്രഥമനുണ്ടാക്കും. ദേവിക്ക് വിശേഷാല്‍ അലങ്കാരങ്ങള്‍ ഉണ്ടാകും. പുത്തരി നിവേദ്യത്തോടൊപ്പം കാളന്‍, ഓലന്‍, എരിശേരി, നെയ്യില്‍ വറുത്ത കായ, ചേന ഉപ്പേരി, ഇഞ്ചിത്തൈര്, ഉപ്പുമാങ്ങ, ചതുഃശതം തുടങ്ങിയവ ദേവിക്ക് നിവേദിക്കും. ആചാര പ്രകാരം ചോറ്റാനിക്കര പള്ളിപ്പുറത്ത് മനയില്‍ നിന്നാണ് ഉപ്പുമാങ്ങ കൊണ്ടുവരുന്നത്. ക്ഷേത്രാങ്കണത്തില്‍ തിരുവോണ പൂക്കളവും ഇടും. പഞ്ചവാദ്യവും ഉണ്ടാകും. 11 മുതല്‍ അന്നദാന മണ്ഡപത്തില്‍ ഭക്തര്‍ക്ക് തിരുേവാണ സദ്യയും ഒരുക്കിയിട്ടുണ്ട്. 11.30 ന് ക്ഷേത്ര നട അടയ്ക്കും.

More Citizen News - Ernakulam