വൈദികര്‍ ക്രൈസ്തവ പേരുകളില്‍ അറിയപ്പെടണമെന്ന് സിറോ മലബാര്‍ സഭ

Posted on: 28 Aug 2015കൊച്ചി: വൈദികര്‍ ക്രൈസ്തവ പേരുകളില്‍ അറിയപ്പെടണമെന്ന് സിറോ മലബാര്‍ സഭ. വൈദിക പരിശീലനം സംബന്ധിച്ച സിനഡില്‍ നടന്ന ചര്‍ച്ചകളിലാണ് ഈ നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. മുമ്പ് വൈദികര്‍ പട്ടം സ്വീകരിക്കുമ്പോള്‍ വിശുദ്ധരുടെയും മറ്റും നാമങ്ങളാണ് പേരായി സ്വീകരിച്ചുവന്നത്. അടുത്ത കാലത്തായി സെമിനാരിയില്‍ ചേരുന്നതിനു മുന്പ് വീട്ടില്‍ വിളിച്ചിരുന്ന പേരുതന്നെ വൈദികനാകുമ്പോഴും ചിലര്‍ സ്വീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ഇതുപോലെ തിരുപ്പട്ട സ്വീകരണ ചടങ്ങ് കഴിവതും ലളിതമായി നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. വൈദിക പരിശീലനം കാര്യക്ഷമമാക്കുന്നതു സംബന്ധിച്ച് സിനഡ് ഗൗരവപൂര്‍വം ചര്‍ച്ചകള്‍ നടത്തി. സഭയ്ക്ക് കീഴില്‍ വരുന്ന നാല് മേജര്‍ സെമിനാരികളുടെ പ്രവര്‍ത്തനം വിലയിരുത്തി. വൈദികാര്‍ത്ഥികള്‍ ദൈവാനുഭവത്തില്‍ വളരാനുള്ള സാഹചര്യം സെമിനാരികളിലുണ്ടാകണം. ഇതോടൊപ്പം ടീമായി പ്രവര്‍ത്തിക്കാനുള്ള പരിശീലനവും നല്‍കണം.
സഭയില്‍ അസാധുവായ വിവാഹങ്ങള്‍ വര്‍ദ്ധിക്കുന്നതും വിവാഹ മോചനം പെരുകുന്നതും സിനഡ് സവിശേഷം ചര്‍ച്ച ചെയ്തു. അസാധുവായ വിവാഹങ്ങള്‍ സഭാ നിയമങ്ങള്‍ക്കനുസൃതമായി വിലയിരുത്തി വേണ്ട തീരുമാനങ്ങളും നടപടികളും സ്വീകരിക്കാന്‍ സഭാ കോടതികള്‍ തയ്യാറാകണമെന്ന് സിനഡ് നിര്‍ദ്ദേശിച്ചു. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടക്കുന്ന സിനഡ് ശനിയാഴ്ച സമാപിക്കും.

More Citizen News - Ernakulam