റിയാദില്‍ കുടുങ്ങിയ യാത്രക്കാര്‍ വിമാനത്തിലിരുന്ന്്് പ്രതിഷേധിച്ചു
Posted on: 28 Aug 2015
നെടുമ്പാശ്ശേരി: വിമാനം തകരാറിലായതിനെ തുടര്‍ന്ന് 2 ദിവസം റിയാദില്‍ കുടുങ്ങിയ യാത്രക്കാര്‍ കൊച്ചിയിലെത്തിയപ്പോള്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചു. വ്യാഴാഴ്ച വൈകീട്ട് 3.15 ന് റിയാദില്‍ നിന്ന് കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. ചൊവ്വാഴ്ച രാത്രി കൊച്ചിയിലെത്തേണ്ടിയിരുന്നവരാണിവര്.
കൊച്ചിയില്‍ വിമാനമെത്തിയപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യാത്രക്കാര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയത്. ബഹളം മൂത്തതോടെ പോലീസും സിഐഎസ്എഫും സ്ഥലത്തെത്തി. 145- ഓളം യാത്രക്കാരാണ് കൊച്ചിയിലേക്ക് ഉണ്ടായിരുന്നത്. മുംബൈയിലേക്കുള്ള യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. അര മണിക്കൂര്‍ നേരത്തെ പ്രതിഷേധത്തിനൊടുവിലാണ് യാത്രക്കാര്‍ കൊച്ചിയില്‍ ഇറങ്ങാന്‍ കൂട്ടാക്കിയത്. ഒടുവില്‍ വിമാനമിറങ്ങി ടെര്മിനലിലെത്തിയപ്പോഴും യാത്രക്കാര്‍ ബഹളം വെച്ച് പ്രതിഷേധിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 3.45 ന് റിയാദില്‍ നിന്ന് പോരേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് തകരാറിലായത്. വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തിയിരുന്നു ഇവര്‍. തകരാര്‍ ഉള്ളതിനാല്‍ 3 മണിക്കൂര്‍ വൈകുമെന്ന് പറഞ്ഞാണ് യാത്രക്കാരെ വിമാനത്തില്‍ ഇരുത്തിയത്. നാലര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇവരെ വിമാനത്തില്‍ നിന്ന് താഴെയിറക്കി. എന്നാല്‍ പുലര്‍െച്ചയോടെ മാത്രമാണ് യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയത്. കൃത്യമായി ഭക്ഷണമൊന്നും കിട്ടിയില്ലെന്നും യാത്രക്കാര്‍ പറയുന്നു. ഹോട്ടലില്‍ തങ്ങിയിരുന്ന യാത്രക്കാരെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് റിയാദ് വിമാനത്താവളത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അതുവരെ വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കൃത്യമായ വിവരം പോലും നല്‍കിയില്ല. വിമാനത്തിന്റെ തകരാര്‍ പൂര്‍ണമായും പരിഹരിക്കപ്പെടാതിരുന്നതിനാല്‍ എയര്‍ ഇന്ത്യ പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയാണ് യാത്രക്കാരെ നാട്ടിലെത്തിച്ചത്. നാലരയോടെ വിമാനം മുബൈക്ക് പറക്കുകയും ചെയ്തു. റിയാദില്‍ നിന്ന് വിമാനം എത്താതിരുന്നതിനെ തുടര്‍ന്ന് കൊച്ചിയില്‍ കുടുങ്ങിയിരുന്ന 350-ഓളം യാത്രക്കാരെ ബുധനാഴ്ച എയര്‍ ഇന്ത്യ പ്രത്യേക വിമാനത്തില്‍ റിയാദില്‍ എത്തിച്ചിരുന്നു.